ചോദ്യപേപ്പർ ചോർച്ച; കർശന ശിക്ഷ ഉറപ്പാക്കുന്നതിനുള്ള കരട് നിയമം ഇന്ന് കേന്ദ്ര മന്ത്രിസഭ പരിഗണിക്കും: പ്രധാനമന്ത്രി


ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം ശക്തമാക്കി വിദ്യാർത്ഥികളും പ്രതിപക്ഷ എം പിമാരും പ്രതിഷേധം ശക്തമാക്കിയിരിക്കെ വിഷയത്തിൽ ഗൗരവമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുന്നതിനും കർശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള കരട് നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് നരേന്ദ്ര മോദി അറിയിച്ചിരിക്കുന്നത്. പാർലമെന്റിന്റെ നിലവിലെ മൺസൂൺ സമ്മേളനത്തിൽ തന്നെ ബിൽ എത്രയും വേഗം പാസാക്കാൻ സർക്കാർ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വലിയ മാനസിക വേദനയാണ് സൃഷ്ടിച്ചതെന്നും ഇത്തരം സംഭവങ്ങളെ കൂടുതൽ ഫലപ്രദമായി നേരിടാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. 'ഇത് നിസാരമായി കാണാനാകുന്ന വിഷയമല്ല. ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്' എന്നായിരുന്നു വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയത്. 'വിദ്യാർഥികൾക്ക് ഒരു അക്കാദമിക് വർഷം നഷ്ടപ്പെടാൻ പാടില്ല എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ഉത്തരവാദിത്തം. അതിനാൽ എത്രയും വേഗം പരീക്ഷ വീണ്ടും നടത്തേണ്ടത് അനിവാര്യമായിരുന്നു'വെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം