ആദികടലായിയ്ക്ക് വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യത- മന്ത്രി റോജി എം. ജോൺ

കണ്ണൂർ കോർപ്പറേഷനിലെ
തീരപ്രദേശമായ ആദികടലായി ഡിവിഷന് വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യതകളാണുള്ളതെന്ന്
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ചൂണ്ടിക്കാട്ടി.
ആദികടലായി ഡിവിഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഫ്യൂച്ചർ ഓഫ് ആദികടലായി' എന്ന ടേബിൾടോക്ക് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭരണനിർവഹണത്തിലും പദ്ധതി രൂപീകരണത്തിലും പ്രാദേശിക ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച് വികസനപദ്ധതി തയ്യാറാക്കുന്ന ആദികടലായി പോലുള്ള ടേബിൾടോക്ക് മാതൃകാപരമാണ്. ആദികടലായിയുടെ വികസന സ്വപ്നങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും മന്ത്രി ഉറപ്പ് നൽകി. 
പരിപാടിയിൽ മേയർ അഡ്വ. പി ഇന്ദിര അധ്യക്ഷത വഹിച്ചു. ഓരോ പ്രദേശത്തിനും വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഉള്ളതെന്നും അതനുസരിച്ച് ആ പ്രദേശത്തിന്റെ വികസനനയം തയാറാക്കുന്നത് മികച്ച രീതിയാണെന്ന് മേയർ പറഞ്ഞു. വിനോദസഞ്ചാര രംഗത്ത്
കണ്ണൂർ കോർപ്പറേഷൻ പുതിയ പദ്ധതിയുമായി വരികയാണ്. ഇതിന്റെ ഭാഗമായി പയ്യാമ്പലത്ത് പുതിയ ഇടപെടലുകളും ശ്മശാനം നവീകരണവും ഉണ്ടാവും. 
കോർപ്പറേഷൻ ഡിവിഷനുകളിൽ ഏറ്റവും വികസന സാധ്യതയുള്ളത് ആദികടലായിക്കാണെന്ന്
അഡ്വ. ടി.ഒ മോഹനൻ എംഎൽഎ അഭിപ്രായപ്പെട്ടു. 
ആദികടലായി ഡിവിഷനിലെ അർഹരെ കണ്ടെത്തി വീടു നിർമിച്ചു നൽകുന്ന 'നവഭവനം' പദ്ധതിയുടെ ലോഗോ മന്ത്രി റോജി എം ജോൺ പ്രകാശനം ചെയ്തു. കൗൺസിൽ കെയർ, കൗൺസിലർ ആപ്പ് എന്നിവയുടെ ലോഞ്ചിങ് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർവഹിച്ചു. 
കൊട്ടിയൂർ ഉത്സവസമയത്ത് ഒരു ദിവസം രണ്ടു ലക്ഷം തീർഥാടകർ വരെ വരുന്നുവെന്നും അവർ കണ്ണൂരിന്റെ മറ്റു വിനോദസഞ്ചാര സ്ഥലങ്ങൾ സന്ദർശിക്കുന്ന സാധ്യത ആദികടലായി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കലക്ടർ ചൂണ്ടിക്കാട്ടി. 
പരിപാടിയിൽ അഡ്വ. ടി.ഒ മോഹനൻ എംഎൽഎയയേയും കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഫർഹാൻ മുണ്ടേരിയെയും ആദരിച്ചു.
കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ഡിവിഷൻ കൗൺസിലറുമായ റിജിൽ ചന്ദ്രൻ മാക്കുറ്റി, നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി ഷമീമ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ, എഴുത്തുകാരൻ കെ.സി ഉമേഷ് ബാബു, കിയാൽ ഡയറക്ടർ ഡോ. എം.പി ഹസൻ കുഞ്ഞി, കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് അജിമോൻ തുടങ്ങിയവർ പങ്കെടുത്തു. 

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം