കണ്ണൂരിലെസ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം: ആർജെഎൽസി ചർച്ച പരാജയം; കളക്ടറേറ്റ് പടിക്കൽ സമരം വ്യാപിപ്പിക്കും
കണ്ണൂർ : കണ്ണൂർജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളിൽ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ (INA) നേതൃത്വത്തിൽ അമ്പത് ദിവസം പിന്നിട്ട നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് കോഴിക്കോട് റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ (RJLC) ഓഫീസിൽ നടന്ന അനുരഞ്ജന ചർച്ച ഫലമുണ്ടാക്കാതെ പിരിഞ്ഞു.
ചർച്ചയിൽ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾക്ക് പകരം ബന്ധപ്പെട്ട ആശുപത്രികളുടെ തൊഴിലുടമകൾ നേരിട്ട് ഹാജരാകണമെന്ന് റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ നിർദേശിച്ചിരുന്നുവെങ്കിലും ആശുപത്രി ഉടമകൾ ഹാജരാകാതിരുന്നതിനാൽ ചർച്ചയിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല.
ഇതോടെ സമരം കൂടുതൽ ശക്തിപ്പെടുത്താൻ സംയുക്ത സമരസഹായ സമിതി തീരുമാനിച്ചു. നിലവിൽ ആശുപത്രികൾക്ക് മുന്നിൽ തുടരുന്ന സമരം നിലനിർത്തിക്കൊണ്ടുതന്നെ തിങ്കളാഴ്ച മുതൽ കണ്ണൂർ ജില്ലാ കളക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല സമരം ആരംഭിക്കും. ആറ് ആശുപത്രികളിലെയും സമരനിരതരായ നഴ്‌സുമാരിൽ ഒരു വിഭാഗം കളക്ടറേറ്റിലെ സമരത്തിൽ പങ്കെടുക്കും. ആശുപത്രികൾക്ക് മുന്നിലെ സമരം പഴയതുപോലെ തുടരുമെന്നും ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ അറിയിച്ചു.
അതേസമയം, തൊഴിൽ വകുപ്പ് വിവിധ ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ തൊഴിൽനിയമ ലംഘനങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ആശുപത്രി മാനേജ്മെന്റുകൾക്കെതിരെ സർക്കാർ അടിയന്തരമായി നിയമനടപടികൾ സ്വീകരിക്കണമെന്ന് സംയുക്ത സമരസഹായ സമിതി ആവശ്യപ്പെട്ടു. തൊഴിൽ വകുപ്പ് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് ഉത്തരവാദികളായ ആശുപത്രികൾക്കെതിരെ നടപടി സ്വീകരിച്ച് സമരത്തിലിരിക്കുന്ന നഴ്‌സുമാർക്ക് നീതി ഉറപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
നിയമപരമായ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുകയും നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന വരെ സമരം കൂടുതൽ ശക്തമായി തുടരുമെന്നും ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ (INA) കണ്ണൂർ ജില്ലാ കമ്മിറ്റി അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ. മുഹമ്മദ് ഷിഹാബ്.
സംസ്ഥാന വൈസ് പ്രസിഡന്റ് ടെജിമോൾ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അനുപമ, ജില്ലാ പ്രസിഡന്റ് സോഫിയ അബ്രഹം, ജില്ലാ സെക്രട്ടറി പ്രജിത മാവള്ളി, ജില്ലാ ട്രഷറർ മുക്ത സി എം, സംസ്ഥാന കമ്മിറ്റി അംഗം ബിജോഷ് എന്നിവർ പങ്കെടുത്തു
സമര സഹായസമിതി ചെയർമാൻ അഡ്വക്കേറ്റ് റഷീദ് കവ്വായി,വൈസ് ചെയർമാൻ അഡ്വക്കേറ്റ് അജയകുമാർ സി പി . (CPI),മുസ്ലിം യൂത്ത് ലീഗ് ഷാക്കിർ ആടൂർ,വരുൺ (യൂത്ത് കോൺഗ്രസ് ), റൈജു ജെയ്സൺ, വേണുഗോപാലൻ (ഐ ൻ ൽ സി )എന്നിവർ സംസാരിച്ചു.
Comments
Post a Comment