ചെമ്പേരിയിലും അയ്യൻകുന്നിലും റെക്കോർഡ് മഴ, ഉദയഗിരിയിൽ നേരിയ ഉരുൾപൊട്ടൽ; 13 പേരെ ക്യാമ്പിലേക്ക് മാറ്റി


കണ്ണൂർ:വെള്ളിയാഴ്ച്ച റെഡ് അലർട്ട് പ്രഖ്യാപിച്ച കണ്ണൂർജില്ലയിലെ ചെമ്പേരിയിലും അയ്യൻകുന്നിലും ലഭിച്ചത് റെക്കോർഡ് മഴ. രാവിലെ 8.30 മുതലുള്ള ഏഴ് മണിക്കൂറിൽ ചെമ്പേരിയിൽ ലഭിച്ച 96 മില്ലിമീറ്റർ മഴ ആ സമയം സംസ്ഥാനത്തെ ഏറ്റവും വലിയ പെയ്ത്തായി. 
തൊട്ടുതാഴെയും കണ്ണൂരിൽ തന്നെയുള്ള മറ്റൊരു സ്ഥലമായിരുന്നു-അയ്യൻകുന്ന് (88 എം. എം). 
ആറളം, കെ.വി.കെ പന്നിയൂർ, പെരിങ്ങോം, പിണറായി, ചെറുവാഞ്ചേരി എന്നിവിടങ്ങളിലും കനത്ത മഴ കിട്ടി. അയ്യൻകുന്നിൽ പുലർച്ചെയും കനത്ത മഴ പെയ്തു. 
തളിപ്പറമ്പ് താലൂക്കിൽ ഉദയഗിരി വില്ലേജിലെ താബോർ താളിപ്പാറ മേഖലയിൽ നേരിയ രീതിയിൽ ഉരുൾപൊട്ടി. ആഗസ്റ്റ്‌ ഒന്നിന് ഉരുൾപൊട്ടിയ ഭാഗത്ത് തന്നെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും ഉരുൾപൊട്ടലുണ്ടായത്. മുൻകരുതൽ നടപടിയായി സമീപവാസികളെ ഉടൻ തന്നെ താബോർ സ്‌കൂളിലേക്ക് മാറ്റി. തുടർന്ന് തളിപ്പറമ്പ് തഹസിൽദാർ പി. സജീവന്റെ നേതൃത്വത്തിൽ താബോർ സെന്റ് ജോസഫ് ചർച്ചിൽ താൽക്കാലിക ക്യാമ്പ് തുടങ്ങുകയും നാല് കുടുംബങ്ങളിലെ 13 പേരെ അങ്ങോട്ടേക്ക് മാറ്റുകയും ചെയ്തു. ഇവർ ഉൾപ്പെടെ 3 ക്യാമ്പുകളിലായി 50 പേരാണ് ജില്ലയിലുള്ളത്. 
തലശ്ശേരി വാടിക്കകം മുഹമ്മദ് ഷറഫുദ്ദീൻ എന്നയാളുടെ വീടിന് മുകളിൽ തേക്ക്, മഹാഗണി മരങ്ങൾ വീണ് വീടിന് ഭാഗികമായി നാശനഷ്‌ടം സംഭവിച്ചു. ചെറുവാഞ്ചേരി കല്ലുവളപ്പ്, തൈപറമ്പത്ത് താമസിക്കുന്ന ശോഭയുടെ വീടിന് ഭാഗിക നാശനഷ്‌ടം സംഭവിച്ചു. കോളയാട്, കറ്റിയാട് ബിജു പി.സി എന്ന ആളെയും കുടുംബത്തെയും വീടിന് സമീപം വെള്ളം കയറിയ സാഹചര്യത്തിൽ ബന്ധു വീട്ടിലേക്ക് മാറ്റിപാർപ്പിച്ചു. വെള്ളർവള്ളി വില്ലേജിൽ തൊണ്ടിയിൽ പാനിക്കുളം ബിജുവിൻ്റെ വീട് ഭാഗികമായി തകർന്നിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം