ഇടയിലക്കാട് കാവിൽ ഇത്തവണയും വാനരൻമാർക്ക് ഓണസദ്യയൊരുക്കി നാട്ടു കൂട്ടായ്മ


തൃക്കരിപ്പൂർ:ഇടയിലക്കാട് വാനരകൂട്ടത്തിന് പതിവുപോലെ ഇത്തവണയും ഓണ സദ്യയൊരുക്കി നാട്ടു കൂട്ടായ്മ.19-ാം വർഷമാണ് മുടക്കമില്ലാതെ കാവിലെ വനത്തിൽ കഴിയുന്ന വാനരൻമാർക്ക്  സദ്യയൊരുക്കി നൽകുന്നത്. ഇടയിലക്കാട് കാവിന് പുറത്ത് സദ്യക്കായി ഒരുക്കിയ പ്രത്യേക സ്ഥലത്ത് തൂശനില വിരിച്ചു. ചലച്ചിത്ര നടൻ പി പി കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ നേതൃത്യത്തിൽ ഉപ്പുചേർക്കാത്ത ചോറ് വിളമ്പി. പഴവർഗങ്ങളും പച്ചക്കറികളുമെല്ലാം ഓരോന്നോരോന്നായി ഇലയിൽ നിറഞ്ഞു. വള്ളിപ്പടർപ്പുകളിലും മരക്കൊമ്പുകളിലും സദ്യയ്ക്കായി കാത്തിരുന്ന വാനരക്കൂട്ടത്തിൽ നിന്ന് ഓരോരുത്തരായെത്തി പതിയെ വിഭവങ്ങൾ ഓരോന്നായി രുചിക്കുകയും ചെയ്തു.
ചോറിന് പുറമെ ചക്ക, ക്യാരറ്റ്, പപ്പായ, തക്കാളി, ബീറ്റ്റൂട്ട്, കക്കിരിക്ക, വെള്ളരിക്ക, ഉറുമാമ്പഴം, പേരയ്ക്ക, സപ്പോട്ട, നെല്ലിക്ക, ചെറുപഴം, വത്തക്ക, പൈനാപ്പിൾ, സബർജില്ലി, മത്തൻ,കോവയ്ക്ക, നക്ഷത്രപ്പുളി തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരുന്നു സാധാരണയായി കിട്ടാത്ത പഴുത്ത ചക്കച്ചുളകളായിരുന്നു ഇത്തവണത്തെ വാനര സദ്യയിലെ സ്പെഷ്യൽ ഐറ്റം. ഇലക്കാട് നവോദയ വായനശാല ബാലവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തുന്ന വാനര സദ്യയുടെ 19 ആം വർഷമായതിനാൽ ഇത്തവണ 19 വിഭവങ്ങളാണ് വിളമ്പിയത്.
വാനരൻമാരെ രണ്ട് പതിറ്റാണ്ടായി ചോറൂട്ടിയ ചാലിൽ മാണിക്കമ്മ വർദ്ധക്യസഹജമായ ബുദ്ധിമുട്ടിനെ തുടർന്ന് കിടപ്പിലാണ്. മാണിക്കമ്മയുടെ കുടുംബമാണ് വാനരസദ്യക്കുള്ള വിഭവങ്ങൾ കുട്ടികൾക്ക് നൽകിയത്. തുടർന്ന് മാണിക്കമ്മയുടെ വീട്ടിൽ വെച്ച് തന്നെ സദ്യ ഒരുക്കി. തുടർന്ന് ഘോഷയാത്രയായി കാവിലേക്കെത്തി. പിപി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഓണപ്പാട്ടുകളും ശാസ്ത്രഗാനങ്ങളും ആലപിച്ച് കുട്ടികൾക്കൊപ്പം ഘോഷയാത്രയിൽ അണിനിരന്നു. വാനരപ്പട ഓണ സദ്യയുണ്ണുന്ന കൗതുക കാഴ്ച കാണാൻ നിരവധിപേർ എത്തിയിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം