മലബാർ ദേവസ്വം ബോർഡിലെ പിൻവാതിൽ നിയമനം: യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ മന്ത്രി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു



കണ്ണൂർ: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന നിയമവിരുദ്ധ സ്ഥിരനിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ മന്ത്രി വിജിലൻസ് അന്വേഷണത്തിന്ന് ഉത്തരവിട്ടു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ദേവസ്വം മന്ത്രി കെ. മുരളീധരന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  വിജിലൻസിന് അന്വേഷണം കൈമാറിയത്.
ഹൈക്കോടതി വിധികളും മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ 2010 ഒക്ടോബർ 15-ലെ സർക്കുലറും കാറ്റിൽപ്പറത്തിയാണ് നിയമനങ്ങൾ നടത്തിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. അപേക്ഷ ക്ഷണിക്കുകയോ പത്രപ്പരസ്യം നൽകുകയോ ചെയ്യാതെ 'എ' ഗ്രേഡ്, സൂപ്പർ ഗ്രേഡ്, ഗ്രേഡ് 1, ഗ്രേഡ് 2 വിഭാഗങ്ങളിൽപ്പെട്ട പ്രമുഖ ക്ഷേത്രങ്ങളിൽ വൻതോതിൽ പിൻവാതിൽ നിയമനം നടന്നിട്ടുണ്ടെന്ന് വിജിൽ മോഹനൻ പറഞ്ഞു.
കണ്ണൂരിലെ പ്രസിദ്ധമായ ശ്രീ രാജരാജേശ്വര ക്ഷേത്രത്തിലടക്കം യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ നിരവധി പേർക്ക് സ്ഥിരനിയമനം നൽകുകയും ഭരണസ്വാധീനം ഉപയോഗിച്ച് ബോർഡിന്റെ അംഗീകാരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
നിയമവിരുദ്ധമായി നടപ്പിലാക്കിയ മുഴുവൻ പിൻവാതിൽ നിയമനങ്ങളും റദ്ദാക്കണമെന്നും, പത്രപ്പരസ്യം നൽകി മെറിറ്റ് അടിസ്ഥാനത്തിൽ പുതിയ നിയമനങ്ങൾ നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് ദേവസ്വം  വകുപ്പ് മന്ത്രി പരാതി വിജിലൻസിന്റെ അന്വേഷണത്തിനായി കൈമാറിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം