ടി കെ ഡിക്ക് സംസ്ഥാന ബഹുമതികളോടെ നാട് വിടയേകും: നാളെ രാവിലെ മുഴപ്പിലങ്ങാട് പൊതുദർശനം
മുഴപ്പിലങ്ങാട്:മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനും നോവലിസ്റ്റും നാടകകൃത്തും അഭിനേതാവുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് എന്ന ടി.കെ. ദാമോദരൻ്റെ(80) വിയോഗം കണ്ണൂരിലെ സാംസ്കാരിക ലോകത്തിന് കനത്ത നഷ്‌ടമാണുണ്ടാക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെ മുഴപ്പിലങ്ങാട് ശ്രീനാരായണ മഠത്തിന് സമീപം ഹൈവേ റോഡിൽ വെച്ച് റോഡ് മുറിച്ചു കടക്കവെ
ഓമ്നി വാൻ ഇടിച്ചു വീഴ്ത്തി പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ചപുലർച്ചെ യാണ് മരണമടഞ്ഞത്.
1983 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. നാടകങ്ങൾക്കും നോവലുകൾക്കും പുറമെ വ്യത്യസ്ത വിഷയങ്ങളിൽ നിരവധി ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബാലസാഹിത്യകാരൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഹൈസ്ക്കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ കഥകളും നാടകങ്ങളും എഴുതിത്തുടങ്ങി. നാടകാഭിനയത്തിലും സംവിധാനത്തിലും കഴിവ് തെളിയിച്ചു. 1966 ൽ തിക്കോടിയന്റെ ഒരു ഏകാംഗനാടകത്തിൽ അഭിനയിച്ച് മികച്ച നടനുള്ള സമ്മാനം നേടിയിരിന്നു.1969-ലെ വിയറ്റ്നാം യുദ്ധകാലത്ത് വിയറ്റ്നാം ഗാനങ്ങൾ എന്ന പേരിൽ ഒരു പാട്ടുപുസ്തകം പ്രസിദ്ധീകരിച്ചു.1970 ൽ ഹോചിമിന്റെ മരണശേഷം ഹോചിമിൻ എന്ന പേരിൽ ഒരു ജീവചരിത്രം ഇ.എം.എസ്സിന്റെ അവതാരികയോടെ പ്രസിദ്ധീകരിച്ചു.1982 ലാണ് ഉണ്ണിക്കുട്ടനും കഥകളിയും രചിക്കുന്നത്. ആ പുസ്തകത്തിന് 1983 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2010 ൽ പ്രസിദ്ധീകരിച്ച ജെന്നിയാണ് സ്നേഹം, സ്നേഹമാണ് ജെന്നി കാൾ മാർക്സിന്റെ ജീവിതത്തെ ആസ്പദമാക്കി മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ നോവലാണ്. കടവാങ്കോട്ട് മാക്കം, മുച്ചിലോട്ട് ഭഗവതി, ഹരിശ്ചന്ദ്രൻ, രാമായണം തുടങ്ങി നിരവധി കഥാപ്രസംഗങ്ങളും എഴുതിയിട്ടുണ്ട്. നോവൽ, നവത കഥാ മാസിക,കേരളം ഇന്നലെ ഇന്ന്, അവസ്ഥ, ആൽബം എന്നീ മാസികകൾ ആരംഭിച്ച് പ്രസിദ്ധീകരിച്ചിരിന്നു.
കേരള സാഹിത്യ അക്കാദമി ബാലസാഹിത്യ അവാർഡ് (ഉണ്ണിക്കുട്ടനും കഥകളിയും)
കേരള സംഗീത നാടകഅക്കാദമിയുടെ ഗുരുപൂജ പുരസ്കാരം (2022)
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നാടക അവാർഡ് (സിദ്ധാർത്ഥൻ ഉറങ്ങുന്നില്ല)
നർമ്മവേദി സഞ്ജയൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
പരേതരായ കണ്ണച്ചാങ്കണ്ടി ശങ്കരന്റെയും ടി.കെ കല്യാണിയുടെയും മകനാണ്.
ഭാര്യ:പരേതയായ ഉഷ.
മക്കൾ:ശ്രീജിത് പ്രസാദ്,ശ്രിസംഗീത, ശ്രീഷിത.
Comments
Post a Comment