ലഹരിക്കായി വൻതുക മുടക്കിയ വരിൽ പ്രമുഖർ ആരൊക്കെ?
വടകര :അധ്യാപികമാർ ഉൾപ്പെടെയുള്ളവർ പിടിയിലായ വടകരയിലെ എം ഡി എം എ പണമിടപാട് കേസിൽ, പഴുതടച്ച അന്വേഷണവുമായി പ്രത്യേക പൊലീസ് സംഘം. നിലവിൽ അറസ്റ്റിലായ പ്രതികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ബാങ്ക് അക്കൗണ്ട് വഴി സ്വീകരിച്ച വയനാട് സ്വദേശിയായ യുവാവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അന്തർസംസ്ഥാന ലഹരി വിതരണക്കാരുമായി ബന്ധമുള്ള വയനാട് സ്വദേശി വിദേശത്തേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ കടക്കാൻ സാധ്യതയുള്ളതായും പൊലീസ് കരുതുന്നു. ഇയാളെ പിടികൂടിയാൽ ലഹരി ശൃംഖലയുടെ പ്രധാന കണ്ണികളിലേക്ക് എത്താനാകും. കേസിൽ റിമാൻഡിൽ കഴിയുന്ന പേരാമ്പ്ര BRCയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, ട്രെയിനർ നീഷ്‌മ, ഡെലിവറി ബോയും കണ്ണൂർ ഇരിട്ടി സ്വദേശിയുമായ ജിജിൻ കുര്യക്കോസ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നടപടികൾ ആരംഭിച്ചു.
അധ്യാപികമാരുമായി യു പി ഐ വഴി പണമിടപാട് നടത്തിയ നൂറുകണക്കിന് ആളുകളിൽ നിന്ന് വലിയ തുക കൈമാറിയവരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. ഇതിൽ വിവിധ മേഖലകളിലുള്ള പ്രമുഖരുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്
ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡി ഐ ജി കെ കാർത്തിക് വടകരയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. ലഹരി വിതരണ ശൃംഖലയുടെ വൻ ശൃംഖല തന്നെ കേസിന് പിന്നിലുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Comments
Post a Comment