ജന്തർ മന്തിറിൽ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി ജി മോഹൻദാസിന് ജാമ്യം



തിരുവനന്തപുരം: സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിലാണ് ടി ജി മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. പൊലീസ് കസ്റ്റഡി അപേക്ഷ കോടതി തള്ളുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ടി ജി മോഹൻദാസ് ഹാജരാകണമെന്ന് നിര്‍ദേശമുണ്ട്. നാളെ മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് ഹാജരാകേണ്ടത്.

അന്വേഷണ സംഘവുമായി സഹകരിക്കണം, എപ്പോൾ അന്വേഷണ സംഘം വിളിച്ചാലും ഹാജരാകണം, തെളിവ് നശിപ്പിക്കാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, മൂന്ന് ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ തുടർച്ചയായി ഹാജരാകണം, രണ്ട് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം, സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല, അത്തരത്തിലുള്ള കേസുകൾ ഉണ്ടാകരുത്, എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് മോഹന്‍ദാസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഞായറാഴ്ചയാണ് മട്ടാഞ്ചേരിയിലെ വസതിയിൽ നിന്ന് ടി ജി മോഹൻദാസിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ടി ജി മോഹൻദാസിൻ്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ അധിക്ഷേപ പരാമർശം നടത്തിയ വീഡിയോം ടി ജി മോഹൻദാസിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ ആണ് ടിജി മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചിയിൽ നിന്നും അറസ്‌റ്റ് ചെയ്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമായിരുന്നു ടി ജി മോഹൻദാസിനെ കോടതിയിൽ ഹാജരാക്കിയത്.

ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിൻ്റെ വിവാദ പ്രസ്താവന. ഇതേതുടർന്ന് ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ആണ്. പിന്നാലെ നിരവധി പേർ പരാതി നൽകിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ജൂലൈ 29-ാം തീയതിയായിരുന്നു ടി ജി മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 353 (1)(ബി), ഐടി ആക്ടിലെ 66, കേരള പൊലീസ് ആക്ടിലെ 120 (ഒ) എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു ടി ജി മോഹൻദാസിനെതിരെ കേസെടുത്തത്. പൊതുസമൂഹത്തിൽ ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി ജി മോഹൻദാസ് പരാമർശം നടത്തിയതെന്ന് എഫ്ഐആറിൽ പറഞ്ഞിരുന്നു.പത്രിക' എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹൻദാസിന്റെ വിവാദ പരാമർശം. പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിക്കുകയാണെങ്കിൽ ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുമായിരുന്നു എന്നുമായിരുന്നു ടി ജി മോഹൻദാസ് പറഞ്ഞത്. ജന്തർ മന്തറിൽ നാല് കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൈക്കിൽ ആവശ്യപ്പെടും. മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെയ്ക്കും. ആളുകൾ ചിതറിയോടും. കുറേ പേർ മരിക്കും, കുറേ പേർ മരിക്കില്ല, കുറേ പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാക്കും. ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കുമെന്നും ടി ജി മോഹൻദാസ് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹൻദാസ് പറഞ്ഞിരുന്നു. ഡൽഹിയിൽ സമരം ചെയ്ത പെൺകുട്ടികളെ അധിക്ഷേപിക്കുന്ന പരാമർശവും ടി ജി മോഹൻദാസ് നടത്തിയിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം