ഇനി ഊബറില്‍ ട്രെയിന്‍ ടിക്കറ്റും ബുക്ക് ചെയ്യാം; സേവനം വിപുലീകരിച്ച് കമ്പനി


ന്യൂഡൽഹി: ഇന്ത്യയില്‍ ടാക്‌സി സേവനങ്ങള്‍ക്കപ്പുറം പൊതുഗതാഗത രംഗത്തേക്ക് പ്രവര്‍ത്തനം വിപുലീകരിച്ച് ഊബര്‍. ഇനി ട്രെയിന്‍ ടിക്കറ്റ് ബുക്കിങും ഊബര്‍ വഴി ചെയ്യാനാകും. ട്രാവല്‍ കമ്പനിയായ ഇക്‌സിഗോയുമായി സഹകരിച്ചാണ് പുതിയ സേവനം അവതരിപ്പിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഊബര്‍ ആപ്പില്‍ തന്നെ ട്രെയിന്‍ തിരയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും പിഎന്‍ആര്‍ സ്റ്റാറ്റസ് പരിശോധിക്കാനുമാവും. ഇതിലൂടെ വേഗത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചും ഊബര്‍ യാത്ര ബുക്ക് ചെയ്യാനും കഴിയും.നിലവില്‍ ഇന്റര്‍സിറ്റി കാറുകള്‍, ബസ്, മെട്രോ ടിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ ഊബര്‍ നല്‍കുന്നുണ്ട്. ട്രെയിന്‍ യാത്രയുടെ വിവിധ ഘട്ടങ്ങള്‍ ഒരൊറ്റ ആപ്പിലൂടെ ഏകോപിപ്പിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്നാണ് ഊബർ വ്യക്തമാക്കുന്നത്.
പുതിയ ട്രെയിന്‍ ടിക്കറ്റിങ് സംവിധാനത്തിന് പിന്നിലെ സാങ്കേതിക സേവനം ഇക്‌സിഗോ നല്‍കും. ഉപഭോക്താക്കള്‍ യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ റെയില്‍വേ സ്റ്റേഷനുകളും യാത്രാ തീയതിയും നല്‍കുക. തുടര്‍ന്ന് ലഭ്യമായ ട്രെയിനുകള്‍ പരിശോധിച്ച് ഊബര്‍ ആപ്പിലൂടെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം.

ബുക്കിങ് പൂര്‍ത്തിയാക്കിയ ശേഷം ടിക്കറ്റ് വിവരങ്ങള്‍ പരിശോധിക്കാനും പിഎന്‍ആര്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും സാധിക്കും.

ഊബര്‍ ഹോം സ്‌ക്രീനിലെ 'Bus & Train' ഓപ്ഷന്‍ വഴിയോ സര്‍വീസസ് വിഭാഗത്തിലൂടെയോ പുതിയ സൗകര്യം ഉപയോഗിക്കാം. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം സ്റ്റേഷനിലെത്താനും യാത്ര അവസാനിച്ച ശേഷം സ്റ്റേഷനില്‍ നിന്ന് ലക്ഷ്യസ്ഥാനത്തേക്കും പ്രത്യേകമായി ഊബര്‍ റൈഡ് ബുക്ക് ചെയ്യാം. ഇന്ത്യയിലെ യാത്രാ സംവിധാനത്തില്‍ ട്രെയിന്‍ യാത്രയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ട്രെയിനില്‍ കയറുന്നതിന് മുമ്പും ഇറങ്ങിയതിന് ശേഷവുമുള്ള യാത്രാ ആവശ്യങ്ങള്‍ കൂടി പരിഹരിക്കുകയാണ് പുതിയ സേവനത്തിന്റെ ലക്ഷ്യമെന്നും ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര്‍ അര്‍ണബ് കുമാര്‍ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം