വാക്കുകള്‍ ശ്രദ്ധിക്കണമായിരുന്നു'; വിവാദ പ്രസ്താവനയില്‍ യൂ ടേൺ അടിച്ചു സിപി ജോൺ


തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി പി ജോണ്‍. വാക്കുകള്‍ ശ്രദ്ധിക്കണമായിരുന്നുവെന്നും തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി പ്രതികരിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കിയതിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. സര്‍ക്കാരിന് സ്ത്രീകളോട് ഒരു തരത്തിലുള്ള വിവേചനവുമില്ല. സൗജന്യയാത്ര സ്ത്രീകളുടെ അവകാശമാണെന്നും മന്ത്രി പ്രതികരിച്ചു. ഖേദം പ്രകടിപ്പിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണോ എന്ന ചോദ്യത്തിന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു സി പി ജോണിന്റെ മറുപടി. പ്രിയദര്‍ശിനി പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണെന്നും അഭിമാനകരമായ പദ്ധതിയാണെന്നും പറഞ്ഞ മന്ത്രി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. പദ്ധതി ഉപേക്ഷിക്കുമെന്ന് ആര്‍ക്കും സംശയം വേണ്ടെന്നും, പ്രതിപക്ഷത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു.

കേരളത്തിൽ കടുത്ത ദാരിദ്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി അത് ഇളവ് ചെയ്യാനുള്ള മാർഗമാണ്. പ്രിയദർശിനി കെഎസ്ആർടിസിക്ക് ബാധ്യതയല്ല. കൂടുതൽ ആളുകൾ ബസുകളിൽ കയറുന്ന ഇടങ്ങളിൽ കൂടുതൽ വണ്ടികൾ ഇടും. വണ്ടികൾക്ക് പഴക്കം ഉണ്ടെന്നും മന്ത്രി പ്രതികരിച്ചു.

ബസിന് കാശില്ലാത്ത സ്ത്രീകള്‍ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളെ വിടുന്നുവെന്നും ദരിദ്രരായി അഭിനയിക്കുന്നുവെന്നുമുള്ള ഗതാഗതമന്ത്രിയുടെ പരാമര്‍ശമായിരുന്നു വിവാദമായത്. സര്‍ക്കാര്‍ സ്‌കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും ഫീസ് കൊടുക്കേണ്ടതില്ലാത്ത പ്രൈവറ്റില്‍ പോലും കുട്ടികളെ വിടാതെ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്ക് വിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 'ഇതേ സ്ത്രീ അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയിലെ വരാന്തയില്‍ കിടക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ നല്‍കാന്‍ പണമില്ല, ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാന്‍സ്പോര്‍ട്ടില്‍ തള്ളിക്കയറും. പ്രിയദര്‍ശിനി വന്നപ്പോള്‍ സ്വകാര്യ ബസ് വിട്ട് പ്രിയദര്‍ശിനിയില്‍ തിക്കി തിരക്കി ആളുകള്‍ പോകുന്നതിന്റെ കാരണം സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്നേഹമോ അല്ല, കുടുംബിനികള്‍ക്ക് കയ്യില്‍ കാശ് ഇല്ലാത്തത് കൊണ്ടാണ്', സി പി ജോണ്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം