പട്ടണങ്ങള്‍ പുതുമോടിയിലേക്ക്; കണ്ണുർജില്ലയില്‍ ബീക്കണ്‍ ടൗണ്‍ പദ്ധതിക്ക് തുടക്കമായി*പദ്ധതി ലോഗോ പ്രകാശനം ചെയ്തു


 
കണ്ണൂർ:ജില്ലയിലെ പട്ടണങ്ങളെ വൃത്തിയും ഭംഗിയുമുള്ളവയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'ബീക്കണ്‍ ടൗണ്‍ (Project Beacon Town) പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഒരു പ്രധാന പട്ടണത്തെ മാതൃകാ ടൗണ്‍ ആക്കി മാറ്റുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് പ്രൊജക്ട് ബീക്കണ്‍ ടൗണ്‍ നടപ്പിലാക്കുക. 

ഓഗസ്റ്റ് 15ന് തുടങ്ങി ഒക്ടോബര്‍ രണ്ടു വരെ നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ പറ്റുന്ന ശുചിത്വ- മാലിന്യ സംസ്‌ക്കരണ- സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. ഒരു പട്ടണം മുഴുവനായോ വലിയ പട്ടണമാണെങ്കില്‍ 500 മുതല്‍ ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള പ്രദേശമോ ആണ് പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്. നിലവിലെ ശുചിത്വനിലവാരം അളക്കുന്നതിനായി പദ്ധതിപ്രദേശത്ത് ബെയ്‌സ് ലൈന്‍ സര്‍വേ നടത്തുന്നതാണ് ആദ്യപടി. ഇതിന്റെ അടിസ്ഥാനത്തില്‍ ശുചിത്വ പ്രശ്‌നങ്ങളും അടിസ്ഥാനസൗകര്യങ്ങളിലെ പോരായ്മകളും കണ്ടെത്തി അടിയന്തര കര്‍മ്മ പദ്ധതി തയ്യാറാക്കും.

മാലിന്യം വലിച്ചെറിയുന്നതും ദുര്‍ഗന്ധമുള്ളതുമായ സ്ഥലങ്ങള്‍ കണ്ടെത്തി ശുചീകരിക്കല്‍, പൊതുശൗചാലയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍, മാലിന്യശേഖരണവും സംസ്‌ക്കരണവും ശക്തിപ്പെടുത്തല്‍, അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ ഘട്ടത്തില്‍ നടപ്പിലാക്കും. ഒക്ടോബര്‍ രണ്ടു വരെയുള്ള കാലയളവില്‍ ജനകീയ പങ്കാളിത്തത്തോടെ ക്ലീനിങ്ങ് ഡ്രൈവുകളും സംഘടിപ്പിക്കും. ഓണം ഉള്‍പ്പെടെയുള്ള ഉത്സവകാലയളവില്‍ പ്രത്യേക ശുചിത്വ-ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും.

ഒക്ടോബര്‍ മൂന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള രണ്ടാംഘട്ടത്തില്‍ കൂടുതല്‍ സമയം, ഫണ്ട്, സാങ്കേതിക അനുമതി, വകുപ്പുതല ഏകോപനം എന്നിവ ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. നടപ്പാത, ഡ്രെയിനേജ്, തെരുവുവിളക്ക്, കുടിവെള്ള സൗകര്യം, പൊതുശൗചാലയങ്ങള്‍, പാര്‍ക്കിങ് ക്രമീകരണം, വെണ്ടര്‍ സോണിംഗ്, പോക്കറ്റ് പാര്‍ക്‌സ്, ലാന്‍ഡ്‌സ്‌കേപ്പിങ്ങ്, സി.സി.ടി.വി സ്ഥാപിക്കല്‍, ഗ്രീന്‍ വിജിലന്‍സ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ ഘട്ടത്തില്‍ നടപ്പിലാക്കും. 

ശുചീകരിക്കുന്ന സ്ഥലങ്ങള്‍ വീണ്ടും വൃത്തികേടാകുന്നത് തടയാന്‍ സ്ഥിരം നിരീക്ഷണവും പ്രതിരോധ സംവിധാനവും ഏര്‍പ്പെടുത്തും.
പൊതുസ്ഥലങ്ങളിലെ തുപ്പല്‍, മൂത്രമൊഴിക്കല്‍ തുടങ്ങിയ പ്രവണതകള്‍ തടയുന്നതിനായി പൊതുശൗചാലയ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ബോധവല്‍ക്കരണം, മുന്നറിയിപ്പ് ബോര്‍ഡുകള്‍, നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തും. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ്മസേന, കുടുംബശ്രീ, വ്യാപാരി സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, നാഷനല്‍ സര്‍വ്വീസ് സ്‌കീം, എന്‍സിസി, സ്റ്റുഡന്റ് പോലീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുജനങ്ങള്‍ എന്നിവയെ പദ്ധതിയുടെ ഭാഗമാക്കും. ബീക്കണ്‍ ടൗണ്‍ പദ്ധതി വിലയിരുത്തുന്നതിന് മൂല്യനിര്‍ണ്ണയ സംവിധാനവും ഏര്‍പ്പെടുത്തും. 'എന്റെ ടൗണ്‍ എന്റെ അഭിമാനം' എന്ന സന്ദേശത്തിലൂടെ പട്ടണങ്ങളുടെ ശുചിത്വ പരിപാലനം ഉറപ്പുവരുത്തുകയാണ് പ്രൊജക്ട് ബീക്കണ്‍ ടൗണ്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ബിനോയ് കുര്യന്‍, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ഷബ്‌ന, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എ.പ്രദീപന്‍, പി രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം