ശിവസൂര്യയുടെ തിരോധനം; പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ തുടങ്ങി



തലശേരി:ചൊക്ലിയിലെ 17 വയസുകാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ തുടങ്ങി. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയെ കാണാതായിട്ട് 10 ദിവസം പിന്നിട്ടിട്ടും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
തലശ്ശേരി എ എസ് പി ഡോ. എം. നന്ദഗോപൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നു വരുന്നത്. ചൊക്ലി എസ് ഐ ആർ രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തിൽ എട്ട് പേരാണുള്ളത് ശിവസൂര്യയെ തേടി പൊലീസ് സംഘം മൈസൂരുവിലെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ ബംഗളൂരുവിലേക്കും പോകും.
പിതാവ് മൊബൈൽ ഫോൺ വാങ്ങിവച്ചതിന്‍റെ പേരിൽ നാടുവിട്ട ശിവസൂര്യ എവിടെയെന്നതിൽ പത്താം ദിനവും ഉത്തരമില്ലാതെ പൊലീസും വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും കുഴങ്ങുകയാണ്. കഴിഞ്ഞ ശനിയാഴ്ച വീടുവിട്ടിറങ്ങിയ തൊട്ടടുത്തുള്ള പൂമരം ജംഗ്ഷനിലേക്ക് പോകുന്നത് രണ്ട് പേർ കണ്ടിരുന്നു. ഓഗസ്റ്റ് 8ന് ഉച്ചക്ക് 12.45ന് ശേഷം ശിവസൂര്യ അതിവേഗം പോകുന്നത് കണ്ടു. സ്കൂൾ ബാഗും ഉണ്ടായിരുന്നു, എന്നാൽ കുട്ടി തനിയെ സ്ഥിരമായി പോകുന്നതിനാൽ സംശയം തോന്നിയില്ലെന്നാണ് അയൽവാസികളുടെ മൊഴി. ജംഗ്ഷനിലുള്ള ഒരു സിസിടിവിയിൽ പോലും ശിവസൂര്യയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.
കാശിയിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടി ഒരുപക്ഷേ മൈസൂരുവിൽ പോയേക്കാം എന്നൊരു സംശയം വീട്ടുകാർ പൊലീസിനോട് പങ്കുവെച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് മൈസൂരുവിലേക്ക് എത്തിയത്. നേരത്തെ ചൊക്ലി പൊലീസ് ഒറ്റപ്പാലം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ എത്തി നടത്തിയ അന്വേഷണത്തിൽ സൂചനകളൊന്നും കിട്ടിയിരുന്നില്ല. തെരച്ചിൽ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് അന്വേഷണം എസ്ഐടിക്ക് കൈമാറിയത്. 3000 രൂപയും രണ്ടു ജോഡി ഡ്രസു മെടുത്ത്  കാശിയിലേക്ക് പോകുകയാണ് ഇനി ദൈവത്തോട് അലിയുമെന്ന് കത്ത് എഴുതി വെച്ചാണ് കുട്ടി നാടുവിട്ടത് മൊബൈൽ ഗെയിം അഡിക്ഷൻ ഒഴിവാക്കുന്നതിനായി പിതാവ് ഫോൺ വാങ്ങി വെച്ചതാണ് കാരണമായി പറയുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം