കണ്ണൂർ കോർപ്പറേഷൻ നഗര സൗന്ദര്യവൽക്കരണ പദ്ധതി നാടിന് സമർപ്പിച്ചു.ലിംഗസമത്വമല്ല ലിംഗ നീതിയാണ് സമൂഹത്തിൽ നടപ്പിലാകേണ്ടതെന്ന് മന്ത്രി കെ എം ഷാജി.
കണ്ണൂർ:ലിംഗ സമത്വം പുരുഷ മേധാവിത്വത്തിന്റേതാണെന്നും സമൂഹത്തിൽ നടപ്പിലാകേണ്ടത് ലിംഗ നീതിയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. അഭിപ്രായപെട്ടു. കണ്ണൂർ കോർപ്പറേഷന്റെ നഗര സൗന്ദര്യവൽക്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . മന്ത്രിമാരുടെയും സർക്കാർ പരിപാടികളുടെയും സദസ്സ് നിറക്കാനുള്ള സംവിധാനമല്ല കുടുംബശ്രീയും ഹരിത കർമ്മ സേനയും . കുടുംബശ്രീയുടെയും ഹരിത കർമ്മ സേനയുടെയും സംവിധാനം അതിലെ അംഗങ്ങളുടെ വരുമാന വർദ്ധനവിനുതകുന്ന രീതിയിൽ കാലത്തിനനുസൃതമായി പരിഷ്കരിക്കും. തെരുവുനായ ശല്യം പരിഹരിക്കുന്നതിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കും. കണ്ണൂർ കോർപ്പറേഷനിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന ഉദ്യോഗസ്ഥ സ്ഥലം മാറ്റത്തിനെ തുടർന്ന് ഉണ്ടായ പ്രയാസങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥ സംവിധാനം ക്രമീകരിക്കും. അതൊരിക്കലും പ്രതികാരത്തിന്റെ രൂപത്തിൽ നടപ്പിലാക്കില്ല.ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം പ്രതികാരം ചെയ്യാനുള്ളതല്ല. അതേ സമയം ചെയ്ത പാപത്തിനുള്ള ശമ്പളം കൃത്യമായി നൽകുകയും ചെയ്യും. കണ്ണൂർ ദസറക്ക് സർക്കാർ സഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ കോർപ്പറേഷൻ നഗര സൗന്ദര്യവൽക്കരണ പദ്ധതി മന്ത്രി നാടിന് സമർപ്പിച്ചു. ഗാന്ധി സർക്കിളിന് സമീപം ദീപാലങ്കാരങ്ങളോടു കൂടിയും ജിപിഎസ് സംവിധാനവും സാറ്റലൈറ്റ് കണക്ടിവിറ്റിയോടും കൂടിയ ക്ലോക്ക് ടവർ, ഗാന്ധി സർക്കിൾ മുതൽ പാമ്പൻ മാധവൻ റോഡ് വരെ അലങ്കാര വിളക്കുകൾ, ടൈലുകൾ പാകിയ ഫുട്പാത്തുകൾ, വശങ്ങളിൽ സ്ഥാപിച്ച ഗ്രില്ലുകൾ എന്നിവ ഉൾപ്പെട്ടതാണ് പദ്ധതി.
കണ്ണൂർ താലൂക്ക് ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ മേയർ അഡ്വ. പി ഇന്ദിര അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ പി താഹിർ സ്വാഗതം പറഞ്ഞു. കെ സുധാകരൻ എംപി, അഡ്വ. ടി ഒ മോഹനൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വക്കേറ്റ് ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, പി ഷമീമ ടീച്ചർ, വി കെ മുഹമ്മദലി, അഡ്വക്കേറ്റ് സോന ജയറാം, മുൻമേയർ മുസ്ലിഹ് മഠത്തിൽ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ എം പി അനിൽകുമാർ , പി മഹേഷ് , കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ , എക്സിക്യൂട്ടീവ് എൻജിനീയർ ജസ്വന്ത് എന്നിവർ സംസാരിച്ചു. പ്രവർത്തിയുടെ സിവിൽ വർക്ക് കരാറുകാരൻ എം ടി മുഹമ്മദ് കുഞ്ഞി ഹാജി, ഇലക്ട്രിക്കൽ പ്രവർത്തി കരാർ ഏജൻസി പവർ ടെക്, ഇലക്ട്രോണിക്സ് പ്രവർത്തി കരാർ ഏജൻസി സൈബോത്രീ ഐടി സൊല്യൂഷൻസ്, കണ്ണൂർ കോർപ്പറേഷന്റെ ഫാൻ പാർക്കിൽ നടന്ന ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രവചന മത്സരത്തിലെ വിജയിയായ സജിൻ തോമസ് എന്നിവർക്കുള്ള ഉപഹാര വിതരണം മന്ത്രി നിർവഹിച്ചു.
Comments
Post a Comment