നാലര പതിറ്റാണ്ടിന് ശേഷം മുംബൈയിൽ നിന്നു മടക്കയാത്ര; അബ്‌ദുൽ സത്താറിന് ഇനി എളയാവൂർ സി.എച്ച് സെൻ്ററിൽ സംരക്ഷണം
കണ്ണൂർ: വാർദ്ധക്യവും ആരോഗ്യ പ്രശ്‌നങ്ങളും മൂലം മറ്റുള്ളവരുടെ സഹായവും പരിചരണവും ആവശ്യമായ 81കാരനായ അബ്ദുൽ സത്താറിനെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.
നാലരപതിറ്റാണ്ടിലധികമായി മുംബൈയിൽ താമസിച്ചു വരികയായിരുന്നു അബ്ദുൽ സത്താർ. അദ്ദേഹത്തിൻ്റെ ആരോഗ്യ നില അടുത്തിടെ മോശമായതിനെ തുടർന്ന് സ്ഥിര പരിചരണവും സംരക്ഷണവും ആവശ്യമായി വന്നു. ഇതിനിടയിൽ അബ്‌ദുൽ സത്താറിന് മുംബൈയിൽ സഹായം നൽകിയിരുന്ന മഹാരാഷ്ട്രക്കാരൻ മുഹമ്മദ് സാബിർ സലാഹുദീൻ ഷെയ്ഖിൻ്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വദേശമായി കരുതുന്ന കണ്ണൂരിലെത്തിക്കാനുള്ള ശ്രമം നടന്നു.
കഴിഞ്ഞ കുറച്ച് ദിവസം മുമ്പ് ബന്ധുക്കളേയും തേടി അവശനായ അബ്ദുൽ സത്താറിനെയും കൂട്ടി മട്ടന്നൂരിൽ എത്തുകയും ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം നടത്തുകയും ചെയതു. എല്ലാ പരിശ്രമങ്ങൾ നടത്തിയിട്ടും ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ മട്ടന്നൂർ പോലീസ് സ്റ്റേഷനിലും ഈ വിഷയമെത്തി. വിവരമറിഞ്ഞ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകർ ചേർന്ന് ഹെൽപ്പ് എന്ന വാട്‌സാപ്പ് കൂട്ടായ്മയ്ക്ക് രൂപം നൽകി. ആ ഗ്രൂപ്പിൽ വിവിധ മേഖലയുള്ളവരെ ചേർത്തു കൊണ്ടു അബ്‌ദുൽ സത്താറിനെ സംരക്ഷിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. പ്രത്യേകിച്ച് തലശ്ശേരി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഗ്രീൻ വിംഗ്‌സ് പ്രവർത്തകരായ റഷീദ് കരിയാടൻ, റാഫി സൈദാർ പള്ളി, സിറാജ് എന്നിവർ കൂട്ടായ്മയുടെ പ്രവർത്തനം ഏകോപിപിച്ചു.
ബന്ധുക്കളെ കണ്ടെത്താനും ശ്രമം ആരംഭിച്ചുവെങ്കിലും തുടക്കത്തിൽ അതിന് സാധിക്കാതെ വന്നു. ഇതിനിടയിൽ മട്ടന്നൂർ പോലീസും ശ്രമം നടത്തിയിരുന്നു. ആ ശ്രമവും പരാജയപ്പെട്ടപ്പോൾ അബ്ദുൽ സത്താറിനെ വീണ്ടും മുംബൈയിലേക്ക് കൊണ്ടു പോയി.
ഹെൽപ്പ് കൂട്ടായ്മയിലൂടെ എ ഐ കെ എം സി സി മഹാരാഷ്ട്ര സ്റ്റേറ്റ് ജനറൽ സെക്രട്ടറി കെ.പി അബ്ദുൽ ഗഫൂർ വിഷയത്തിൽ ഇടപ്പെട്ട് മുഹമ്മദ് സാബിർ സലാഹുദ്ദീനുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് എ.ഐ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡൻ്റ് അസീസ് മാണിയൂർ, കെ.എം എ റഹ്‌മാൻ, വി.പി കുഞ്ഞബ്‌ദുല്ല തുടങ്ങിയവരുടെ ശ്രദ്ധയിലും അബ്‌ദുൽ സത്താറിൻ്റെ വേദനിക്കുന്ന വിഷയമെത്തുകയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ സംരക്ഷണം ഒരുക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ഹെൽപ്പ് വാട്സപ്പ് കൂട്ടായ്മ അംഗമായ എളയാവൂർ സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി കെ.എം ഷംസുദ്ദീൻ
വിഷയത്തിൽ ഇടപ്പെട്ടു. സൗകര്യങ്ങൾ പരിമിതമാണെങ്കിലും ബന്ധുക്കളോ സ്ഥിര സംരക്ഷണമോ ഇല്ലാത്ത അബ്ദുൽ സത്താറിനെ എളയാവൂർ സി എച്ച് സെൻ്റർ ഏറ്റെടുത്ത് സംരക്ഷിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.
ഈ അറിയിപ്പ് അദ്ദേഹത്തിന് സംരക്ഷണമൊരുക്കാൻ ശ്രമം ആരംഭിച്ച എല്ലാവർക്കും സന്തോഷമായി മാറി. തുടർന്ന് അബ്‌ദുൽ സത്താറിനെ വീണ്ടും നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ ശ്രമം സ്വയം ഏറ്റെടുത്ത എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറി കെ.പി അബ്ദുൽ ഗഫൂർ കേരള മുസ്ലിം ജമാഅത്തിൻ്റെ ആംബുലൻസിൽ സുരക്ഷിതമായി കിടപ്പിലായ അബ്ദുൽ സത്താറിനെ എളയാവൂർ സി.എച്ച് സെൻ്ററിലേക്ക് കയറ്റി വിട്ടു. ഡ്രൈവർ അനസും മഹാ രാഷ്‌ട്ര സ്വദേശിയായ മുംത്തസ്സിർ, രാജേഷ് എന്നിവരും സത്താറിനെ അനുഗമിച്ചു.
കഴിഞ്ഞ ദിവസം രാത്രിയോടെ അബ്‌ദുൽ സത്താറിനെ എളയാവൂർ സി.എച്ച്. സെൻ്ററിലെത്തിച്ചു. സെൻ്ററിലെത്തുന്ന സമയത്ത് സെൻ്റർ ചെയർമാൻ സി.എച്ച് മുഹമ്മദ് അഷ്റഫ്, ജനറൽ സെക്രട്ടറി കെ.എം ഷംസുദ്ദീൻ, തലശ്ശേരി ഗ്രീൻ വിംഗ്‌സ് പ്രവർത്തകരായ റഷീദ് കരിയാടൻ, നൗഷാദ് പൊന്നകം, വി. സിറാജ്, റാഫി സൈദാർ പള്ളി, ടി.പി നൗഷാദ്, റുഫൈസ് തുടങ്ങിയവർ സെൻ്ററിലുണ്ടായിരുന്നു. സി.എച്ച് ഹോസ്പിറ്റലിൽ നിന്നും ആവശ്യമായ വൈദ്യ പരിശോധനയ്ക്ക് ശേഷം അബ്‌ദുൽ സത്താറിനെ സെൻ്ററിന് കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വന പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
നേരത്തെ കണ്ണൂരിലും കൊടുങ്ങല്ലൂരിലും പള്ളികളിൽ ജോലി ചെയ്ത അബ്‌ദുൽ സത്താർ നീണ്ട നാലര പതിറ്റാണ്ട് മഹാ രാഷ്ട്രയിലെ വിവിധ പള്ളികളിലും മറ്റുമായി ജോലി ചെയ്തിരുന്നു. ഇതിനിടയിലാണ് അസുഖം വന്ന് കിടപ്പിലായത് ഒടുവിൽ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്ത് സംരക്ഷണമൊരുക്കുകയായിരുന്നു. മുംബൈ പോലീസും ഇതിൽ ഇടപ്പെട്ട് അദ്ദേഹത്തെ ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള എൻ.ഒ സിയും നൽകിയിരുന്നു.
ഒരു വലിയ ദൗത്യമാണ് ഹെൽപ്പ് എന്ന വാട്സാപ്പ് കൂട്ടായ്മയിലൂടെ സാധിച്ചെടുത്തത്.
Comments
Post a Comment