ഇ ഡിയുടെ നടപടി വിചിത്രം, പിണറായിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ
കോഴിക്കോട്: സിഎംആര്‍എല്‍ എക്‌സാലോജിക്ക് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസിലേക്കും മറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരിലേക്കും അന്വേഷണം എത്തിയതില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. കേസില്‍ ഇ ഡി ചെയ്യുന്നത് പുകമറ സൃഷ്ടിക്കലാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇ ഡിയുടെ ചരിത്രം പരിശോധിച്ചാല്‍ തന്നെ അത് മനസിലാകുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കള്ളപ്പണം പിടിക്കുന്നതിനായി പിഎംഎല്‍എ ആക്ട് നിയമം കൊണ്ടു വന്നത് പി ചിദംബരം ആണെന്നും എന്നാല്‍ ഇതേ നിയമം ഉപയോഗിച്ച് ചിദംബരത്തെ തന്നെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. വാളെടുത്തവന്‍ വാളാല്‍ എന്ന് പറയുന്നത് പോലെയായിരുന്നു അതെന്നും ബിജെപിയുടെ കൈയ്യില്‍ നിയമം കിട്ടിയപ്പോള്‍ രാഷ്ട്രീയ ദുരുപയോഗം ചെയ്‌തെന്ന് ചിദംബരം തന്നെ പറഞ്ഞെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വിശദീകരിച്ചു. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ഈ നിയമം ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി 113 ദിവസം ജയിലില്‍ കിടത്തി. കെജ്‌രിവാളിനെതിരെ എടുത്ത കേസ് എവിടെ എന്ന് ചോദിച്ച അദ്ദേഹം യാതൊരു തെളിവുമില്ലാതെ കേസ് അവസാനിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി. ഇ ഡി ബിജെപിക്കാര്‍ക്കെതിരെ കേസ് എടുക്കുന്നില്ല. ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പി സി ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ കേസ് ഇല്ല. നാലര കോടി കള്ളപ്പണം എന്നതായിരുന്നു വെളിപ്പെടുത്തല്‍. ചാക്കില്‍ കെട്ടി കോടികള്‍ കൊണ്ടുവന്നുവെന്ന് ഓഫീസ് സെക്രട്ടറി പറഞ്ഞിട്ടും കേസില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചോദ്യം ചെയ്യാന്‍ പോലും തയ്യാറായില്ലെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേര്‍ത്തു.
മൂന്നര കോടിയുടെ കൊടകര കേസ് അന്വേഷിച്ചില്ലെന്ന് ഓര്‍മപ്പെടുത്തിയ അദ്ദേഹം 95 ശതമാനം കേസും ഇ ഡി പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണ് എടുത്തതെന്നും വിമര്‍ശിച്ചു. 5,900 കേസുകള്‍ എടുത്തു, 7,450 റെയ്ഡുകള്‍ നടന്നു എന്നാല്‍ 9% കുറ്റപത്രം മാത്രമാണ് നല്‍കിയതെന്നും, അതില്‍ ശിക്ഷിച്ചത് 25 കേസുകളില്‍ മാത്രമാണെന്നും . സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടികാട്ടി.. രാഷ്ട്രീയ എതിരാളികള്‍ കാല് മാറിയാല്‍ കേസില്ല. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും കീഴടങ്ങാന്‍ തയ്യാറാകാത്തതിനാലാണ് കേസ് എടുത്തത്. ബിജെപിക്ക് വഴങ്ങിയാല്‍ കേസ് അപ്പോള്‍ തീരുമെന്നും അദ്ദേഹം പറഞ്ഞു.
എക്‌സാലോജിക് കേസ് നിയമപരമായി നടക്കട്ടെ അതാണ് പാർട്ടി നിലപാട്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇ ഡി മുന്നോട്ട് പോകുന്നത്. കേസിന് പിന്നില്‍ പിണറായിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ ലക്ഷ്യമാണെന്നും ഇ ഡിയുടേത് വിചിത്രമായ നിലപാട് ആണെന്നും അദ്ദേഹം ആരോപിച്ചു. ഇഡി പത്രകുറിപ്പ് ഇറക്കിയത് വിചിത്രമായ നടപടിയാണ്. വിണ്ടും വിശദീകരണം നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ഇഡിക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മെയ് മാസത്തെ റെയ്ഡില്‍ ഒന്നും കിട്ടിയില്ലെന്ന്ഇ ഡി നേരത്തേ പറഞ്ഞിരുന്നു. റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. വീണയ്ക്കെതിരെഹവാല പണ ഇടപാട് ആരോപണം ഇഡി ഉണ്ടാക്കിയതാണ്. വീണയുടെ കേസില്‍ പാര്‍ട്ടി ഇടപെടുന്നില്ല. എന്നാല്‍ മുഹമ്മദ് റിയാസിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി പ്രതിരോധിക്കുമെന്നു എംവി ഗോവിന്ദൻ മാസ്റ്റർ മുന്നറിയിപ്പ് നല്‍കി. കേസ് എടുക്കാന്‍ ഒന്നുമില്ല. ലാവ്ലിന്‍ പോലെ തന്നെ കേസില്ല ഒരു തെളിവും ഇല്ല എന്ന നിലയാണ് ഇവിടെയും. സിപിഐമ്മിനെ നാണം കെടുത്താനാണ് നീക്കമെങ്കില്‍ ഇഡി അതിന് മെനക്കേടേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കാര്യത്തിൽ വലതുപക്ഷമാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
കരുവന്നൂര്‍ കേസും വിചിത്രമാണ് ഒന്നും രണ്ട് പ്രതികളെ മാപ്പ് സാക്ഷിയാക്കി എന്നും ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു. എസി മൊയ്തീനെയും, കെ രാധാകൃഷ്ണനെയും, എം എം വര്‍ഗീസിനെയും പ്രതിയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ തൃശ്ശൂരില്‍ ഇത്തവണയും മികച്ച വിജയം നേടിയെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ കൂട്ടിച്ചേര്‍ത്തു. റിയാസിനെയും നിഖിലിനെയും കേസില്‍ ഉള്‍പ്പെടുത്തിയാലും സിപിഎം കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി
Comments
Post a Comment