ആഭരണങ്ങളും പണവും പ്രദര്‍ശിപ്പിച്ച് റീൽസ്; വനിതാ യുട്യൂബറുടെ വീട്ടിൽ നിന്നും 118 പവൻ അടിച്ചുമാറ്റി കള്ളൻമാർ
.തിരുവനന്തപുരം 'മാസം മാസം ഞങ്ങൾ സ്വർണം വാങ്ങും, നിങ്ങളും വാങ്ങൂ' എന്ന് പറഞ്ഞ് കൈവശമുള്ള ആഭരണങ്ങളും പണവും പ്രദർശിപ്പിച്ച് സമൂഹമാധ്യമത്തിൽ റീൽസ് പങ്കുവച്ച വനിതാ യുട്യൂബറുടെ വീട്ടിൽനിന്ന് 118 പവൻ സ്വർണം മോഷ്ടാക്കൾ കവർന്നു.
നാഗർകോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാർഡനിൽ താമസിക്കുന്ന വ്യവസായിയായ വിനോദ് കുമാറിന്റെയും യുട്യൂബർ മധുമിതയുടെയും വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. 118 പവൻ സ്വർണവും പണവും മോഷണം പോയി. വീട്ടിലുള്ള പണവും സ്വർണവും പ്രദർശിപ്പിച്ചുകൊണ്ടുള്ള ഒരു വിഡിയോ മധുമിത കഴിഞ്ഞ ദിവസം യുട്യൂബിൽ പങ്കുവച്ചിരുന്നു. മകളുടെ ശരീരത്തിൽ അഞ്ഞൂറിന്റെ നോട്ടുകൾ വിതറുന്നതും വിഡിയോയിലുണ്ട്. തുടർന്ന്
തുടർന്ന് ആഭരണങ്ങൾ ധരിച്ച് കുടുംബത്തിനൊപ്പം നിന്ന് 'നിങ്ങളും ആഭരണം വാങ്ങൂ' എന്ന് മധുമിത പറയുന്നു.പൂജാമുറിയിലെ വിഗ്രഹങ്ങളിൽ നോട്ട് വിതറുന്നതും വിഡിയോയിലുണ്ട്.
വിഡിയോ വൈറലാകുകയും ലൈക്കുകൾ കുമിഞ്ഞുകൂടുകയും ചെയ്തു. ഇന്നലെ രാത്രി ദമ്പതിമാർ വീടു പൂട്ടി പുറത്തുപോയിരുന്നു. രാത്രി 12 മണിക്ക് ഇവർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ പിൻവാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ സ്വർണവും പണവും കവർന്ന് സ്ഥലംവിടുകയായിരുന്നു.
തുടർന്ന് ഇവർ രാജക്കമംഗലം പൊലീസിൽ വിവരം അറിയിച്ചു. സിസിടിവിയും ഫോൺകോളുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. പൊലീസ് ചോദിച്ചപ്പോഴാണ് സ്വർണവും പണവും കാട്ടിയുള്ള വിഡിയോ പങ്കുവച്ച വിവരം മധുമിത പറഞ്ഞത്. തുടർന്ന് വിഡിയോ കണ്ടവരെക്കുറിച്ചും ലൈക്ക് ചെയ്തവരെക്കുറിച്ചുമുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കന്യാകുമാരി ഡിവൈഎസ്‌പി, പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്
Comments
Post a Comment