ഡിജിറ്റൽ അറസ്റ്റിൻ്റെ പേരിൽ നീലേശ്വരത്തെ ഡോക്ടറുടെ 1.19 കോടി രൂപ തട്ടിയെടുത്ത പ്രതിയായ മലപ്പുറം സ്വദേശി അറസ്റ്റിൽ



കാസർകോട്: ഡിജിറ്റൽ അറസ്റ്റെന്ന വ്യാജേനെ എൺപതു വയസുകാരനായ  ഡോക്ടറെ ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസിൽ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിൽ.  മലപ്പുറം മേലാറ്റൂർ ഇടയാറ്റൂർ ചുരക്കുത്ത് വീട്ടിൽ  ഷംഷാദ് ചുരക്കുത്താണ് (29) പിടിയിലായത്
2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയുള്ള കാലയളവിലാണ് സംഭവം. നീലേശ്വരം സ്വദേശിയായ  ഡോക്ടറെ ഫോണിലൂടെയും വാട്സ്ആപ്പ് വീഡിയോ കോളിലൂടെയും ബന്ധപ്പെട്ട പ്രതികൾ തങ്ങൾ മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി. മണി ലോണ്ടറിങ് കേസിൽ ഡോക്ടർ ഉൾപ്പെട്ടിട്ടുണ്ടെന്നും “ഡിജിറ്റൽ അറസ്റ്റ്” ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിനും റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കുമായി പണം കൈമാറണമെന്നു വിശ്വസിപ്പിച്ചാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി ആകെ ₹1,19,35,000 പ്രതികൾ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് അയപ്പിച്ചത്. ഇതു തട്ടിപ്പാണെന്ന് മനസിലാക്കിയ ഡോക്ടർ പൊലിസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് കാസർകോട് സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ, പരാതിക്കാരന്റെ നീലേശ്വരത്തെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്ന് 2025 ഡിസംബർ 17ന് തട്ടിയെടുത്ത 46,25,000 രൂപ നാഗാലാൻഡിലെ പുരാന ബസാർ ശാഖയിലുള്ള ആക്സിസ് ബാങ്കിന്റെ ലെയർ-1 അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി.
ഇതേ ദിവസം പ്രസ്തുത തുകയിൽനിന്ന് 9,60,000 രൂപരണ്ട് ഇടപാടുകളിലായി പ്രതിയായ ഷംഷാ ദിൻ്റെ  പേരിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മഞ്ചേരി ശാഖയിലെ അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ 9  ലക്ഷം രൂപചെക്ക് മുഖേന പിൻവലിച്ച് ചെലവഴിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.
പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇയാൾ വിദേശത്ത് ജോലി ചെയ്തുവരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിക്കുകയും ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു.
2026 സെപ്റ്റംബർ 17ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതായി കാസർകോട് സൈബർ പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു.
കാസർകോട് ജില്ലാ പോലീസ് മേധാവി നിതിൻ രാജ്  സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജീവൻ കെ എന്നിവരുടെ നിർദ്ദേശപ്രകാരം കാസർകോട് സൈബർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ്ഐ നൗഷാദ്, എഎസ്ഐമാരായ രഞ്ജിത്ത് കുമാർ, ദിലീഷ്, സിപിഒ വിപിൻ എന്നിവർ ഹൈദരാബാദിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം