ബൈക്കിൽ നിന്ന് വീണയാളെ ആശുപത്രിയിലെത്തിച്ചില്ല : പുതുക്കാട് സ്റ്റേഷനിലെ പൊലിസുകാർക്ക് കൂട്ട സസ്പെൻഷൻ
തൃശൂർ :പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. സ്പെൻഡ് ചെയ്തത് പുതുക്കാട് എസ് എച്ച് ഒ യെയും മൂന്നു പൊലീസുകാരെയും. പുതുക്കാട് സബ് ഇൻസ്പെക്ടർ മഹേഷ് , സിപിഒ മാരായ ഫൈസൽ, യദു കൃഷ്ണൻ, നവീൻ കുമാർ എന്നിവർക്കാണ് സസ്പെൻഷൻ. അടിപിടി കേസിൽ ബൈക്കിൽ രക്ഷപ്പെട്ടയാളെ പിന്തുടരുന്നതിനിടെ പൊലീസ് വാഹനം തട്ടി വീണു പരിക്കേറ്റിട്ടും ആശുപത്രിയിൽ എത്തിക്കാതെ പോയതിനാണ് സസ്പെൻഷൻ.
കൃത്യവിലോപവും, നിരുത്വരവാദിത്വവും കാണിച്ചുവെന്നും, പൊലീസിന്റെ സൽപേരിന് കളങ്കം സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. തൃശ്ശൂർ റേഞ്ച് ഡിഐജി ആണ് നാലു പേരെയും സസ്പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 19 ന് ആയിരുന്നു സംഭവം. ആമ്പല്ലൂർ ഉള്ള തട്ടുകടക്ക് സമീപം അടിപിടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ സ്ഥലത്തേക്ക് എത്തുന്നത്. ഇതോടെ അടിപിടിയിൽ ഉൾപ്പെട്ട കല്ലൂർ സ്വദേശികൾ ബൈക്കിൽ രക്ഷപ്പെട്ടു. പൊലീസ് ഇവരെ പിന്തുടരുന്നതിനിടെ പൊലീസ് വാഹനം ഇവർ സഞ്ചരിച്ച ബൈക്കിൽ തട്ടുകയായിരുന്നു. ഇതോടെ ബൈക്കിൽ ഉണ്ടായിരുന്ന രണ്ടു പേർ ഓടിരക്ഷപ്പെട്ടെങ്കിലും ഒരാൾക്ക് സാരമായി പരിക്കേറ്റു. സാരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാതെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നും പോയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ
Comments
Post a Comment