റോഡപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ; പിഎം റാഹത്ത് പദ്ധതിയില്‍ പരിശീലനം നല്‍കി




കണ്ണൂർ:റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യമായി അടിയന്തര ചികിത്സ ഉറപ്പുവരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പിഎം റാഹത്ത് പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ടവര്‍ക്ക് ആദ്യഘട്ട പരിശീലനം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന നമ്മുടെ നാട്ടില്‍ അപകടത്തില്‍പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുകയും മരണനിരക്ക് പരമാവധി കുറയ്ക്കുകയും ചെയ്യുകയെന്നത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കുന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനാവും. ഏത് റോഡില്‍ വച്ചും അപകടത്തില്‍പെടുന്നവര്‍ക്ക് ഏഴ് ദിവസത്തേക്ക് ഒന്നര ലക്ഷം രൂപ വരെ സൗജന്യമായി ലഭ്യമാക്കുന്നതാണ് പിഎം റാഹത്ത് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. പണമില്ല എന്നതിന്റെ പേരില്‍ റോഡ് അപകടത്തില്‍ പെടുന്ന ഒരാള്‍ക്കും അടിയന്തര ചികിത്സ നിഷേധിക്കപ്പെടരുതെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ചടങ്ങില്‍ സംസാരിച്ച അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി പറഞ്ഞു. 

റോഡ് അപകടത്തില്‍പ്പെട്ട വ്യക്തിക്ക് സാമ്പത്തിക കാരണങ്ങളാല്‍ ചികിത്സ വൈകുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കി, അംഗീകൃത ആശുപത്രികളില്‍ നിശ്ചിത പരിധിവരെ പണമടയ്ക്കാതെ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ളവയ്ക്ക് പദ്ധതിയില്‍ സഹായം ലഭിക്കും. പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള/എംപാനല്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലാണ് ചികിത്സാ സൗകര്യം ലഭിക്കുക. 

കഴിഞ്ഞ ഫെബ്രുവരി 13നാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം പദ്ധതിക്ക് തുടക്കം കുറിച്ചത്. കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു.

അപകടത്തില്‍പ്പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴിയാണ് ചികിത്സാചെലവ് കണ്ടെത്തുക. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയോ വാഹനം ഇടിച്ച് കടന്നുകളയുകയോ ചെയ്യുന്ന കേസുകളില്‍ ജില്ലാകളക്ടറുടെ പ്രത്യേക ഫണ്ടില്‍ നിന്നാണ് പണം നല്‍കുക. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കിയാല്‍ 10 ദിവസങ്ങള്‍ക്കകം ആശുപത്രികള്‍ക്ക് പണം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് (എസ്എച്ച്എ) പദ്ധതിയുടെ നോഡല്‍ ഓഫീസര്‍. 

പരിശീലനത്തില്‍ എസ്എച്ച്എ പ്രതിനിധികളായ വിനീത്, ഡോ. ജീവന്‍ദാസ്, ആര്‍ടിഒ ഇ എസ് ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. സന്തോഷ്, ഡോ. ജ്യോതി, എന്‍ഐസി പ്രതിനിധി കെ ശ്രേയ, എസ്എച്ച്എ ജില്ലാ പ്രൊജക്്ട് കോഡിനേറ്റര്‍ ടി മിഥുന്‍, തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ബിജോയ് സ്വാഗതവും എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അബൂബക്കര്‍ നന്ദിയും പറഞ്ഞു. വിവിധ വകുപ്പുദ്യോഗസ്ഥര്‍, ആശുപത്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം