ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ ഫുൾ എ പ്ളസ് :രമ ടീച്ചര്‍ ഇനി നിയമപഠനത്തിലേക്ക്
കണ്ണൂർ:ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ജില്ലയില്‍ ഫുള്‍ എ പ്ലസ് നേടിയ രമ ടീച്ചര്‍ ഇനി നിയമപഠനത്തിലേക്ക്. കേരള ലോ എന്‍ട്രന്‍സ് എക്‌സാമിനേഷനില്‍ (കെഎല്‍ഇഇ) 112ാം റാങ്ക് നേടി എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ അഡ്മിഷന്‍ ഉറപ്പാക്കിയിരിക്കുകയാണ് രമ ടീച്ചര്‍. 2021ല്‍ കാങ്കോല്‍ ആലക്കാട് ദേവിസഹായം എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചതിനുശേഷമാണ് ടീച്ചര്‍ക്ക് തുടര്‍പഠന താല്‍പര്യം ഉദിച്ചത്. തുടര്‍ന്ന് പയ്യന്നൂര്‍ പഠന കേന്ദ്രത്തില്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിന് ചേരുകയായിരുന്നു. നിയമം പഠിച്ച് വക്കീലായി സാധാരണക്കാര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുക എന്നതും ടീച്ചറുടെ ആഗ്രഹമാണ്. ഭര്‍ത്താവ് റിട്ടയേഡ് ഗ്രാമീണ ബാങ്ക് മാനേജര്‍ എം കൃഷ്ണന്‍ നമ്പൂതിരിയും ജര്‍മ്മനിയില്‍ എന്‍ജിനീയറായ മകന്‍ ശ്രീകാന്തും ആലുവ കാര്‍മല്‍ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആയ മകള്‍ വരദയും പൂര്‍ണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
Comments
Post a Comment