കറന്റ്, ഗ്യാസ് ബില്ലുകളടക്കാം, ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്




കണ്ണൂർ:മെസേജുകള്‍ അയയ്ക്കാന്‍ വേണ്ടി മാത്രമുള്ളൊരു പ്ലാറ്റ്‌ഫോം ആയിക്കണ്ടിരുന്ന വാട്ട്‌സ്ആപ്പ് പിന്നീട് വളരെപ്പെട്ടെന്നാണ് നമ്മുടെ തൊഴില്‍ സംബന്ധിയായ ആശയവിനിമയത്തിന്റേയും കുടുംബ കൂട്ടായ്മകളുടേയും ജീവിതത്തിലെ നല്ല മുഹൂര്‍ത്തങ്ങള്‍ പങ്കുവയ്ക്കലിന്റേയും ഇടമായി മാറിയത്. വാട്ട്‌സ്ആപ്പ് പണമയയ്ക്കലിന്റേയും കൂടി ഇടമായി മാറിയിട്ട് കാലം കുറച്ചായി. എന്നാല്‍ ഇപ്പോഴിതാ ഒരു പടികൂടി കടന്ന് ബില്ല് പേയ്‌മെന്റുകള്‍ക്കുള്ള അവസരം കൂടി ഒരുക്കുകയാണ് വാട്ട്‌സ്ആപ്പ്. ഇതോടെ വാട്ട്‌സ്ആപ്പ് നമ്മുടെ ജീവിതങ്ങളെയൊക്കെ കുറച്ചുകൂടി ആഴത്തില്‍ തൊടുകയാണ്. 
ഭാരത് കണക്ട് ബിബിപിഎസ് നെറ്റ്‌വര്‍ക്കിന്റെ സഹായത്തോടെയാണ് ബില്‍ പേയ്‌മെന്റിനുള്ള പുതിയ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. 30 വിഭാഗങ്ങളിലുള്ള ബില്ലുകളാണ് ഇതുവഴി അടയ്ക്കാനാകുക. 22722 ബില്ലറേഴ്‌സിലേക്ക് ഉപയോക്താക്കള്‍ക്ക് നേരിട്ട് ആക്‌സസ് ലഭിക്കും. ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഫീച്ചര്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയത്.

യുപിഐയുടെ വ്യാപകമായ സ്വീകാര്യതയും സ്മാര്‍ട്ട് ഫോണുകളുടെ സര്‍വ വ്യാപനവും കണക്കിലെടുത്താണ് വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഹോം സ്‌ക്രീനിന്റെ മുകളിലുള്ള റുപ്പീ ഐക്കണില്‍ ടാപ്പ് ചെയ്ത് ഉപയോക്താക്കള്‍ക്ക് ബില്‍ പേയ്മെന്റുകള്‍ ആക്സസ് ചെയ്യാനും, മുന്‍കാല പേയ്മെന്റുകളും വരാനിരിക്കുന്ന ബില്ലുകളും കാണാനും, ഒരൊറ്റ ദാതാവിന് കീഴില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനും, അവര്‍ക്ക് ഇഷ്ടമുള്ള പേയ്മെന്റ് മോഡ് ഉപയോഗിച്ച് പണമടയ്ക്കാനും കഴിയും.

വൈദ്യുതി ബില്‍, ഗ്യാസ് ബില്‍, ഫാസ്റ്റാഗ്, ക്രെഡിറ്റ് കാര്‍ഡ്, ലോണടവുകള്‍, ചില നഗരങ്ങളിലേക്കുള്ള മെട്രോ കാര്‍ഡ് പേയ്‌മെന്റുകള്‍, മൊബൈല്‍ റീച്ചാര്‍ജ്, തുടങ്ങിയ 30ഓളം പേയ്‌മെന്റുകളാണ് വാട്ട്‌സ്ആപ്പിലൂടെ സാധ്യമാകുക. ഒരു മെസേജ് അയയ്ക്കുന്നത്രയും സുഗമമായി മെസേജ് അയയ്ക്കാമെന്നതാണ് പുതിയ ഫീച്ചറിലൂടെ ഉദ്ദേശിക്കുന്നതെന്ന് വാട്ട്‌സ്ആപ്പ് കമ്പനി വക്താക്കള്‍ വ്യക്തമാക്കി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം