കണ്ണൂരിലെപൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണം



കണ്ണൂർ കണ്ണൂർ ജില്ലയിലെ പാതയോരങ്ങള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിധത്തില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ഹോര്‍ഡിംഗുകളും നീക്കം ചെയ്യാന്‍ ജില്ലയിലെ തദ്ദേശസ്ഥാന സെക്രട്ടറിമാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാതല കമ്മിറ്റി അവലോകന യോഗം നിര്‍ദ്ദേശം നല്‍കി. തദ്ദേശസ്ഥാപന വകുപ്പ് ജോയിന്റ് ഡയരക്ടറുടെ കീഴിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യേണ്ടതും തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്. ബോര്‍ഡുകളും ഹോര്‍ഡിംഗുകളും സ്ഥാപിക്കുന്ന ഏജന്‍സികളെ കണ്ടെത്തി നിയമം പാലിച്ച് മാത്രമേ ഇവ സ്ഥാപിക്കാവൂ എന്ന കാര്യത്തില്‍ ശക്തമായ നിര്‍ദ്ദേശം സെക്രട്ടറിമാര്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്‌നയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്ഥാപന വകുപ്പ് ജോയിന്റ് ഡയരക്ടര്‍ ധനീഷ് പി എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി 434 ലേറെ ബോര്‍ഡുകള്‍, 86 ബാനറുകള്‍, 19 ഹോര്‍ഡിംഗുകള്‍ എന്നിവ നീക്കം ചെയ്തു. അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരേ 4.28 ലക്ഷം രൂപ പിഴ ചുമത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പിഡബ്ല്യുഡി റോഡ്‌സ്, ദേശീയപാത വിഭാഗം, പോലിസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം