മാഞ്ഞു കേരളത്തിൻ്റെകലാ സൂര്യൻ
തിരുവനന്തപുരം:പാരമ്പര്യത്തിന്റെ മിഴിവുകൾ നഷ്ടപ്പെടുത്താതെ ശബ്ദവും വെളിച്ചവും കൊണ്ടു അരങ്ങിനെ ഒരുക്കിയെടുത്ത കലാകാരനായിരുന്നു സൂര്യ കൃഷ്ണമൂർത്തി. നാടകത്തെയും എഴുത്തിനെയും സ്നേഹിച്ച കലാകാരനെന്നതിനപ്പുറം ഒരു സംഘാടകൻ കൂടിയായിരുന്നു അദ്ദേഹം. നാടകപ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച വ്യക്തി, സംഘാടകൻ, എഴുത്തുകാരൻ, കലാകാരൻ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം നടരാജ കൃഷ്ണമൂർത്തി എന്ന സൂര്യ കൃഷ്ണമൂർത്തിയെ.
കലാകാരന്മാരുടെ വേദനയറിഞ്ഞ കലാകാരൻ എന്നാണ് തിരുവനന്തപുരത്തുകാർ തങ്ങളുടെ പ്രിയപ്പെട്ട സൂര്യ കൃഷ്ണമൂർത്തിയെ വിശേഷിപ്പിക്കുന്നത്. ഒട്ടേറെ കലാകാരന്മാർക്ക് ഭാവി ഒരുക്കിയ സൂര്യ ഫെസ്റ്റിവലിന്റെ സ്ഥാപകൻ.മലയാളത്തിലെ ആദ്യത്തെ മൊബൈൽ ലൈറ്റ് ആൻഡ് സൗണ്ട് ഉപജ്ഞാതാവ്.തീയറ്റർ ഓഫ് ഫ്രീഡം എന്ന വേറിട്ട നാടക കലാ രൂപത്തിന്റെ ശില്പി. ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനകളിൽ ഒന്നായ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകൻ കൂടിയാണ് സൂര്യ കൃഷ്ണമൂർത്തി.
കലാസാംസ്കാരിക മേഖലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് 1996ൽ രാഷ്ട്രപതിയുടെ സ്റ്റേജ് ക്രാഫ്റ്റ് ഡയറക്ഷനുള്ള ദേശീയ പുരസ്കാരം ലഭിച്ചു .2003 ൽ ലിംക ബുക്ക്സിൽ നിന്ന് മാൻ ഓഫ് ദി ഇയർ പുരസ്കാരം. 2006ൽ തമിഴ്നാട് സർക്കാരിൽ നിന്ന് കലൈമാമണി അവാർഡ്. 2023ൽ കേരളസർക്കാർ നൽകുന്ന രണ്ടാമത്തെ ഉയർന്ന ബഹുമതിയായ കേരള പ്രഭാ പുരസ്കാരം. അങ്ങനെ ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
2011ൽ പുറത്തിറങ്ങിയ മേൽവിലാസം എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയതും സൂര്യ കൃഷ്ണമൂർത്തിയാണ്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായും, ഇന്ത്യൻ നാഷണൽ തിയേറ്റർ ഓഫ് കേരളയുടെ ഫെസ്റ്റിവൽ ഡയറക്ടറുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോൺ എബ്രഹാം,പത്മരാജൻ ഫിലിം അവാർഡ് ജൂറിയുടെ ചെയർമാൻ. ദൂരദർശൻ ഉപദേശ സമിതി, ഇന്ത്യൻ സാംസ്കാരിക വകുപ്പിന്റെ വിദഗ്ധ സമിതി എന്നിവയിൽ അംഗമായിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടറായി മൂന്ന് തവണ സേവനമനുഷ്ഠിച്ചു. ഇന്ത്യൻ നാഷണൽ ഫിലിം അവാർഡ് കമ്മിറ്റി , കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി , എൻ എഫ് ഡി സി കമ്മിറ്റി , ഇന്ത്യൻ പനോരമ ഫിലിംസ് തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയ കമ്മിറ്റി തുടങ്ങിയവയിൽ അംഗമായിരുന്നു. സൂര്യ കൃഷ്ണമൂർത്തി വിട പറയുമ്പോൾ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിനൊപ്പം അനന്തപുരിയുടെ കലാ ലോകത്തിന് കൂടി തിരശ്ശീല വീഴുകയാണ്.
Comments
Post a Comment