പി ജയരാജൻ്റെ അഭിമുഖം മാധ്യമങ്ങൾ വ്യാജ വാർത്ത സൃഷ്‌ടിക്കുന്നുവെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി



കണ്ണൂർ:
പി ജയരാജന്റെതായി പുറത്തുവന്ന പോഡ്‌കാസ്‌റ്റ്‌ അഭിമുഖത്തിന്റെ പേരിൽ ചില മാധ്യമങ്ങൾ വ്യാജവാർത്ത സൃഷ്ടിച്ച്‌ പ്രചരിപ്പിക്കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ സിപിഐ എം ജില്ലാകമ്മറ്റി പ്രസ്‌താവനയിൽ പറഞ്ഞു.  ജില്ലാ കമ്മിറ്റി ആരംഭിച്ച ‘മോട്ടോർസൈക്കിൾ ഡയറീസ്' എന്ന പോഡ്കാസ്റ്റ് പരമ്പരയിലെ അഭിമുഖമാണ്‌  തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്‌. 
പിണറായി വിജയൻ പയ്യന്നൂരിലും തളിപ്പറമ്പിലും നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ പറഞ്ഞകാര്യം പി ജയരാജൻ തള്ളിപ്പറഞ്ഞു എന്ന രീതിയിലാണ് വ്യാഖ്യാനിക്കുന്നത്‌. അഭിമുഖം ചിത്രീകരിച്ചത്‌, കഴിഞ്ഞമാസം 24നാണ്‌. അതിനു ശേഷം 29 മുതൽ 31 വരെയാണ്‌ പിണറായി വിജയന്റെ പൊതുയോഗങ്ങൾ നടന്നത്‌. എന്നിട്ടും  അഭിമുഖം, പിണറായി വിജയന്‌  നൽകിയ മറുപടിയെന്ന നിലയിൽ ചിത്രീകരിക്കുന്നത് പരിഹാസ്യമാണ്‌. 
കേന്ദ്ര, സംസ്ഥാന കമ്മിറ്റികളുടെ രേഖയുടെ അടിസ്ഥാനത്തിൽ തെറ്റുതിരുത്തൽ പ്രക്രിയകൾ മുന്നോട്ടുകൊണ്ടുപോകണമെന്നും പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തണമെന്നുമുള്ള നിലപാടാണ് പിണറായി വിജയൻ വ്യക്തമാക്കിയത്. ഇതേ രാഷ്ട്രീയ ഉള്ളടക്കം തന്നെയാണ്  പി ജയരാജനും പറഞ്ഞത്‌.  ഒരേ നിലപാടിനെ ആഭ്യന്തര ഭിന്നതയായി ചിത്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നത്.
എൽഡിഎഫ് സർക്കാരിനെതിരെ വലതുപക്ഷ ശക്തികളും ചില  മാധ്യമങ്ങളും വലിയ തോതിലുള്ള കുപ്രചരണങ്ങളാണ് നിരന്തരം നടത്തിയത്. ഇത് വിശ്വസിച്ച പാർടി പ്രവർത്തകരടക്കം എൽഡിഎഫിന് എതിരായ നിലപാട് എടുത്തത് തെറ്റായിപ്പോയെന്ന് ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യമാണ് പൊതുയോഗങ്ങളിലും മറ്റും നേതാക്കൾ ചൂണ്ടിക്കാട്ടിയത്. ഇത്തരം
വസ്തുതകൾ പരിശോധിക്കാതെ നേതാക്കൾ രണ്ടു തരത്തിൽ പ്രതികരിച്ചു എന്ന രീതിയിൽ നടത്തുന്ന  തെറ്റായ പ്രചാരണങ്ങളിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണമെന്ന് പ്രസ്‌താവനയിൽ അഭ്യർഥിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം