പൂത്തൂർക്കുന്ന് ജനവാസ കേന്ദ്രത്തിൽ മാലിന്യപ്ളാൻ്റ് സ്ഥാപിക്കാനുള്ള നീ ക്കത്തിൽ നിന്നും സർക്കാർ പിൻമാറണം: ഡിവൈഎഫ് ഐ



പരിയാരം: കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍ക്കുന്ന് ഔഷധിയില്‍ ജനവാസമേഖലയോട് ചേര്‍ന്ന് സാനിറ്ററി മാലിന്യ സംസ്‌കരണത്തിനായി ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്ന് ഡി.വൈ.എഫ്.ഐ കടന്നപ്പള്ളി സൗത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മാലിന്യ സംസ്‌കരണം ആധുനിക സമൂഹത്തിന്റെ അനിവാര്യമായ ആവശ്യമാണ്. ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളെ ഡിവൈഎഫ്‌ഐ ഒരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍, മാലിന്യ സംസ്‌കരണത്തിനുള്ള ഒരു സംവിധാനം സ്ഥാപിക്കുമ്പോള്‍ അതിന്റെ സ്ഥലം നിര്‍ണയിക്കുന്നത് അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണ്. രണ്ട് മെഡിക്കല്‍ കോളേജുകളും, വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലും, ജനവാസവും, നിരന്തരമായ ജനസഞ്ചാരവുമുള്ള ഈ ഒരു പ്രദേശത്ത് ഇത്തരത്തില്‍ ഒരു പ്ലാന്റ് സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ല.
പ്ലാന്റ് നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുമ്പോള്‍ തന്നെ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധവും അഭിപ്രായവും നിലപാടും അറിയിച്ചതാണ്. ഡി വൈ എഫ് ഐ യുടെ പ്രതിഷേധത്തിന്റെ ഭാഗമായി  എം എല്‍ എ യുടെ ഉള്‍പ്പെടെ ഇടപെടലിന്റെ ഭാഗമായി ആ ഘട്ടത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരുന്നതാണ്. എന്നാല്‍ വീണ്ടും പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനുള്ള നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചു വരുന്നത്. ഹരിത കേരള മിഷന്‍ ക്ലീന്‍ കേരള കമ്പനി മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട് എന്നത് ജനങ്ങളുടെ ആശങ്കകള്‍ അപ്രസക്തമാക്കുന്നില്ല. ജനവാസമേഖലയിലെ ജനങ്ങളുടെ ആശങ്കകളെ അവഗണിച്ച് പദ്ധതി നടപ്പാക്കാനുള്ള നീക്കം ഡി വൈ എഫ് ഐ ശക്തമായി എതിര്‍ക്കും. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും പരിസ്ഥിതിയും മുന്‍നിര്‍ത്തി പദ്ധതിയുടെ സ്ഥലം പുനഃപരിശോധിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

ഈ പ്രദേശം നിരവധി ആളുകള്‍ താമസിക്കുന്നതോടൊപ്പം ദിവസേന വലിയതോതില്‍ ആളുകള്‍ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് സഞ്ചരിക്കുന്ന പ്രധാന റോഡരികിലുമാണ്. സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി നിരന്തരം എത്തിച്ചേരുന്ന സ്ഥലമാണിത്. മാത്രമല്ല കടന്നപ്പള്ളി മേഖലയിലേക്കൊഴുകുന്ന നിരവധി നീര്‍ച്ചാലുകളുടെ ഉദ്ഭവ കേന്ദ്രവും നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തിനോട് ചേര്‍ന്നാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മാലിന്യം എത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള ഇന്‍സിനറേറ്റര്‍ ഇവിടെ സ്ഥാപിക്കുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും സ്വാഭാവികമായ ആശങ്ക സൃഷ്ടിക്കുന്നതാണ്. പ്ലാന്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വാതക പുറന്തള്ളല്‍, ദുര്‍ഗന്ധം, ചാരം, വാഹനഗതാഗതം, മാലിന്യ സംഭരണം തുടങ്ങിയ വിഷയങ്ങളില്‍ പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ട്. ഈ ആശങ്കകളെ കേവലം രാഷ്ട്രീയ പ്രചാരണം എന്ന നിലയില്‍ തള്ളിക്കളയുന്നത് ശരിയല്ല.

പ്രദേശത്ത് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്ന തീരുമാനം പിന്‍വലിച്ച്, ജനവാസമില്ലാത്തതോ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തതോ ആയ അനുയോജ്യമായ മറ്റൊരു കേന്ദ്രത്തിലേക്ക് പദ്ധതി മാറ്റണം എന്നതാണ് ഡിവൈഎഫ്‌ഐയുടെ വ്യക്തമായ നിലപാട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ വിവിധ കക്ഷിരാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഗ്രാമപഞ്ചായത്ത് അധികൃതരെയും പങ്കെടുപ്പിച്ചു ചേര്‍ന്ന യോഗത്തില്‍ ഇതേ നിലപാട് തന്നെയാണ് സിപിഐഎമ്മും, ഇടതുപക്ഷവും  അതോടൊപ്പം ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സ്വീകരിച്ചിട്ടുള്ളത് എന്നും മനസ്സിലാക്കുന്നു.

ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് പദ്ധതിയുടെ നിലവിലെ സ്ഥലനിര്‍ണയം റദ്ദാക്കാനും മറ്റൊരു സ്ഥലം കണ്ടെത്താനും ജില്ലാ ഭരണകൂടം തയ്യാറാകണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായുള്ള ഈ നിലപാടില്‍ പ്രദേശവാസികള്‍ക്ക് ഒപ്പം ഡിവൈഎഫ്‌ഐ ശക്തമായി നിലകൊള്ളുമെന്നും ഡി.വൈ.എഫ് ഐ കടന്നപ്പള്ളി സൗത്ത് മേഖലാ കമ്മിറ്റി പ്രസ്താവനയിലൂടെ  അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം