സമാന്തര സിനിമയ്ക്കായി ജീവിതം സമർപ്പിച്ചഅഡ്വ: ജയപാല മേനോൻ വിടപറഞ്ഞു




പാലക്കാട് :കേരളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന് അടിത്തറയിട്ട പ്രധാന ചലച്ചിത്ര സംഘാടകരിലൊരാളും നിർമാതാവുമായ അഡ്വ: ജയപാല മേനോൻ (92) നിര്യാതനായി. ജനകീയ രാഷ്ട്രിയ സിനിമകൾ നിർമിക്കാനായി 1977ൽ സിപിഐഎമ്മിന്റെ നേൃത്വത്തിൽ രൂപീകരിച്ച ജനശക്തി ഫിലിംസിന്റെ ആദ്യകാല മാനേജിങ് ഡയറക്ടറായിരുന്നു. കമ്പനി നദി ചുവന്നപ്പോൾ, അഗ്രഹാരത്തിലെ കഴുത തുടങ്ങിയ സിനിമകൾ ജയപാല മേനോൻ നേതൃത്വത്തിൽ ജനശക്തി ഫിലിംസാണ് കേരളത്തിലെ തിയറ്റുകളിലെത്തിച്ചത്.
വാണിജ്യസിനിമകളുടെ കുത്തൊഴുക്കിൽപ്പെട്ട് തിയറ്റർ പോലും കിട്ടാതെ പോകുമായിരുന്ന ഒരു പിടി മികച്ച സിനിമകളെ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച വിതരണക്കാരനായിരുന്നു അഡ്വക്കേറ്റ് ഡി.ജയപാലൻ. 70കളിൽ ഇന്ത്യൻ സമാന്തര സിനിമയിലെ വിപ്ലവാത്മകകരമായ രണ്ട് ചലച്ചിത്രങ്ങളായിരുന്നു കമ്പനീ നദി ചുവന്നപ്പോൾ, അഗ്രഹാരത്തിലെ കഴുത എന്നിവ.

അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ, ഭരണകൂട ഭീകരതയ്ക്കും വയനാട്ടിലെ ആദിവാസി ചൂഷണങ്ങൾക്കുമെതിരെ പോരാടുന്ന കമ്പനി നദി ചുവന്നപ്പോൾ എന്ന ചിത്രം പൂർത്തിയാക്കിയ സംവിധായകൻ പി.എ.ബക്കറിന് പ്രദർശനത്തിനായി ഒരു തിയറ്റർ പോലും ലഭിച്ചില്ല. ബ്രാഹ്മണ്യത്തിലെ അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെയും അതിരൂക്ഷമായി പരിഹസിക്കുന്ന ഒരു ആക്ഷേപഹാസ്യ ചിത്രമായ അഗ്രഹാരത്തിലെ കഴുത എന്ന സിനിമ പൂർത്തിയാക്കിയ സംവിധായകൻ ജോൺ
എബ്രഹാമിനും നേരിടേണ്ടി വന്നത് സമാനമായ അവസ്ഥ. വെളിച്ചം കാണാതെ ഏതെങ്കിലും സ്റ്റുഡിയോയുടെ സ്റ്റോർ റൂമിൽ പൂപ്പലരിച്ച് പോകേണ്ട സിനിമകളെ ഡി. ജയപാലൻ എന്ന വിതരണക്കാരനാണ് തിരിച്ചറിയുന്നത്. ജനശക്തി ഫിലിംസിന്റെ ബാനറിൽ രണ്ട് സിനിമകളും തിയറ്റുകളിലെത്തി. പിന്നീട് നടന്നത് ചരിത്രം. 1979ൽ വൈക്കത്ത് നിന്നെത്തിയ ഒരു യുവ നടന്റെ കഴിവ് കണ്ട് അയാളെ നായകനാക്കി ദേവലോകം എന്ന സിനിമ സ്വന്തം നിലയ്ക്ക് നിർമിച്ചു. പകുതി വഴിയ്ക്ക് ചിത്രം നിന്ന് പോയെങ്കിലും നായക നടൻ മമ്മൂട്ടിയായി ഇന്ത്യൻ സിനിമയുടെ നെറുകയിൽ നിൽക്കുന്നു. വാർദ്ധ്യക്യസഹജമായ പ്രശ്നങ്ങൾ വരുന്നത് വരെ സാംസ്കാരിക മേഖലയിൽ സജീവമായിരുന്നു അഡ്വക്കേറ്റ് ഡി ജയപാലൻ.
പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത പ്രശസ്ത ചിത്രമായ ഗർഷോം നിർമിച്ചു. മൃണാൾ സെൻ,സത്യജിത് റേ,ശ്യാം ബെനഗൽ, മണി കൗൾ, ഋത്വിക് ഘട്ടക്, കുമാർ സാഹ്നി, ലങ്കേഷ്, പട്ടാഭിരാമ റെഡ്ഡി, ഗിരീഷ് കാസറവള്ളി തുടങ്ങി നിരവധി ചലച്ചിത്രകാരന്മാരെ മലയാളത്തിന് പരിചയപ്പെടുത്തിയത് ഇദേഹത്തിന്റെ നേതൃത്വത്തിൽ ജനശക്തി ഫിലിംസാണ്.സ്വരലയ, പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റി, കഥകളി ട്രസ്റ്റ്, പുരോഗമന കലാസാഹിത്യസംഘം, ദേശാഭിമാനി സ്റ്റഡി സർക്കിൾ, തുടങ്ങി നിരവധി സാംസ്കാരിക സംഘടനകളുടേയും സന്നദ്ധസേവന സംഘടനകളുടേയും സജീവ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുകയായിരുന്നു. സാഹിത്യ സാംസ്കാരിക രംഗത്തെ നിരവധി പേർ നിര്യാണത്തിൽ അനുശോചിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം