ഡല്‍ഹിയില്‍ ഹോസ്റ്റൽ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു





ന്യൂഡല്‍ഹി: ഡല്‍ഹി സത്യനികേതനില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണം ഏഴായി. മുപ്പതില്‍ അധികം വിദ്യാര്‍ത്ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംസ്ഥാന, കേന്ദ്ര ദുരന്തനിവാരണ സേന, ഡല്‍ഹി ഫയര്‍ സര്‍വീസ്, പൊലീസ്, സിവില്‍ ഡിഫന്‍സ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയ വിദ്യാര്‍ത്ഥികള്‍ സമീപത്തെ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം മരണ കണക്കില്‍ വ്യക്തത വരുത്താതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന ആരോപണവുമായി സിജെപി രംഗത്തെത്തിയിട്ടുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ പലയിടത്തും വിള്ളലുകള്‍ ഉണ്ടായിരുന്നു. എമര്‍ജന്‍സി എക്‌സിറ്റ് ഉണ്ടായിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ് രണ്ട് നിലകള്‍ അധികമായി നിര്‍മിക്കുകയും ചെയതു. ഒരു കിടക്കയ്ക്ക് വിദ്യാര്‍ഥികളില്‍ നിന്ന് 14,000 മുതല്‍ 18,000 രൂപ വരെ ഈടാക്കിയിരുന്നു എന്നാണ് വിവരം.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടപടി ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കുകയാണ് അധികൃതര്‍. തകര്‍ന്ന കെട്ടിടത്തിന് തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടം പൊളിച്ചുനീക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം പൊളിക്കണമെന്നാണ് നിര്‍ദേശം. നാല് നിലകളില്‍ കൂടുതലുള്ള മുഴുവന്‍ അനധികൃത കെട്ടിടങ്ങളും സീല് ചെയ്യും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്. സത്യനികേതനിലെ ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കെട്ടിടം തകര്‍ന്ന് അപകടമുണ്ടായത്. ഹോസ്റ്റല്‍ ഡേസ് എന്ന് പേരുള്ള കെട്ടിടമാണ് തകര്‍ന്നത്. 15 മുറികളാണ് ഇതില്‍ ഉണ്ടായിരുന്നത്. ഒരു മുറിയില്‍ രണ്ട് മുതല്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ വരെയായിരുന്നു താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ ഒരു മെഡിക്കല്‍ ഷോപ്പും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേരളം, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ താമസിച്ചിരുന്നതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രവൃത്തിദിനമായിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെടുമായിരുന്നു. വാരാന്ത്യമായതിനാല്‍ പല കുട്ടികളും വീട്ടില്‍ പോയിരുന്നുവെന്നാണ് പ്രദേശവാസികള്‍ പ്രതികരിച്ചത്. മോത്തിലാല്‍ നെഹ്റു കോളേജ്, ആത്മാ റാം സനാതന്‍ ധര്‍മ്മ കോളേജ്, ശ്രീ വെങ്കടേശ്വര കോളേജ് എന്നിവിടങ്ങളില്‍ പഠിക്കുന്നവരായിരുന്നു ഹോസ്റ്റലിലെ താമസക്കാരിലേറെയും. അപകടം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം