അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊന്ന് ചാക്കിലാക്കി പുഴയിലൊഴുക്കി; പ്രതി പശ്ചിമ ബംഗാൾ സ്വദേശി
പാലക്കാട്: അട്ടപ്പാടിയിൽ അമ്മയെയും മകളെയും കൊലപ്പെടുത്തി ചാക്കിലാക്കി ഭവാനിപ്പുഴയിൽ ഒഴുക്കിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതി ബംഗാളിലേക്ക് കടന്നു.
കഴിഞ്ഞ 20 ദിവസങ്ങൾക്ക് മുൻപ് പ്രതിയും കുടുംബവും അട്ടപ്പാടിയിൽ എത്തിയത്. ഭവാനിപ്പുഴയിൽ ചാക്കുകളിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ അമ്മയുടേയും പെൺകുഞ്ഞിന്റേതുമാണെന്ന് പൊലിസ് സ്ഥിരീകരിച്ചിരുന്നു. മൃതദേഹങ്ങൾക്ക് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ട്.
മൃതദേഹം കണ്ടെത്തിയ ചാക്കുകളിലൊന്നിൽ കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിച്ചതിന്റെ വിവരങ്ങളുണ്ടായിരുന്നു. ചാക്കിലെ ഈ വിവരങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. പുതൂർ പൊലിസിന്റെ നേതൃത്വത്തിൽ ഈ വിവരങ്ങൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.
പശുവിനെ മേയ്ക്കാൻ പോയവരാണ് പുഴയോരത്ത് ചാക്കുകൾ കണ്ട് പൊലിസിൽ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് ചാക്കുകളിലായി മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലിസ് ആരംഭിച്ചിട്ടുണ്ട്
Comments
Post a Comment