അധിക ചുമതലകളിൽ നിന്നും,സർവേകളിൽ നിന്നും അംഗൻവാടി ജീവനക്കാരെ ഒഴിവാക്കി സർക്കാർ ഉത്തരവ്
കണ്ണൂർ: അംഗൻവാടി വർക്കർമാരെയും ഹെൽപർമാരെയും വനിതാ-ശിശു വികസന വകുപ്പുമായി ബന്ധമില്ലാത്ത മറ്റ് അധിക ചുമതലകളിൽ നിന്നും സർവേകളിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി.
മിഷൻ സക്ഷം അംഗൻവാടി പോഷൻ 2.0 മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. അംഗൻവാടി സേവനങ്ങൾ കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കുന്നതിനും മാതൃ-ശിശു ആരോഗ്യ-പോഷണ പ്രവർത്തനങ്ങളിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായാണ് നടപടി
അനുബന്ധ പോഷകാഹാര വിതരണം, അനൗപചാരിക പ്രീസ്‌കൂൾ വിദ്യാഭ്യാസം, ആരോഗ്യ പോഷണ വിദ്യാഭ്യാസം, ഇമ്മ്യൂണൈസേഷൻ, ഹെൽത്ത് ചെക്കപ്പ്, പരാമർശ സേവനങ്ങൾ, കൂടാതെ പോഷൻ ട്രാക്കർ ആപ്പിലെ പ്രതിദിന മോണിറ്ററിംഗ്, ഹാജർ,വളർച്ച രേഖപ്പെടുത്തലുകൾ എന്നിവയാണ് അംഗൻവാടി ജീവനക്കാരുടെ ചുമതലകൾ. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് വകുപ്പുകളും ഏൽപ്പിക്കുന്ന വിവിധ സർവേകൾ, ഇലക്ഷൻ ബി.എൽ.ഒ ഡ്യൂട്ടി,മറ്റ് സാമൂഹിക ക്ഷേമ സ്കീമുകളുമായി ബന്ധപ്പെട്ട ജോലികൾ എന്നിവ കാരണം ഇവരുടെ പ്രാഥമിക ചുമതലകളുടെ കാര്യപ്രാപ്തിയെയും സമയബന്ധിതമായ നിർവഹണത്തെയും സാരമായി ബാധിക്കുന്നതായി സർക്കാർ വിലയിരുത്തി.ഈ
പശ്ചാത്തലത്തിലാണ് മിഷൻ സക്ഷം അംഗൻവാടി ആൻഡ് പോഷൻ 2.0-യുമായി നേരിട്ട് ബന്ധമില്ലാത്ത യാതൊരു ജോലികളിലും അംഗൻവാടി ജീവനക്കാരെ ഏർപ്പെടുത്തരുതെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയവും സംസ്ഥാന സർക്കാരും നിർദ്ദേശിച്ചിട്ടുള്ളത്. ഇതുപ്രകാരം ഐ.സി.ഡി.എസ്/അങ്കണവാടി സേവനങ്ങൾക്കു പുറമേയുള്ള വിവിധ വകുപ്പുകളുടെ സർവേകൾ,മറ്റ് വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതികളുമായി ബന്ധപ്പെട്ട അധിക ചുമതലകൾ എന്നിവയിൽ നിന്നും വർക്കർമാരെയും ഹെൽപർമാരെയും പൂർണ്ണമായി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് എല്ലാ ജില്ലാ കളക്ടർമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വകുപ്പ് മേധാവികളും കർശനമായി പാലിക്കേണ്ടതാണെന്ന് അഡീഷണൽ സെക്രട്ടറി സന്തോഷ് കുമാർ ടി.കെ. പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
Comments
Post a Comment