മാധ്യമം' ജീവനക്കാരുടെ അനിശ്ചിത കാല സമരത്തിന് ഉജ്ജ്വല തുടക്കം** മാധ്യമം ജീവനക്കാരെ വഴിയാധാരമാക്കാൻ തൊഴിലാളി പ്രസ്ഥാനങ്ങൾ സമ്മതിക്കില്ല - എളമരം കരീം


കോഴിക്കോട്: ശമ്പള കുടിശ്ശിക തീർക്കണമെന്നും ശമ്പള വിതരണം ക്രമപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് 'മാധ്യമം' ജീവനക്കാർ നടത്തുന്ന അനിശ്ചിത കാല സമരത്തിന് ഉജ്ജ്വല തുടക്കം. വെള്ളിമാടുകുന്നിലെ 'മാധ്യമം' ഹെഡ്ഡോഫിസിനു മുന്നിൽ തുടങ്ങിയ സമരം സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ശമ്പള കുടിശ്ശിക പരിഹരിക്കുന്നതിനും പ്രശ്ന പരിഹാരത്തിനുമായി സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ മുന്നോട്ടുവച്ച നിർദ്ദേശം പോലും മാനേജ്മെൻ്റ് പ്രതിനിധികൾ തള്ളിക്കളഞ്ഞതാണ് തൊഴിലാളികളെ സമരത്തിന് നിർബന്ധിതരാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഈ നാട്ടിലെ സർക്കാരിനെയും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയെയും മാനിക്കില്ലെന്ന മാധ്യമം മാനേജ്മെൻ്റിൻ്റെ പിടിവാശി അവസാനിപ്പിക്കണം. 
മാസങ്ങളോളം ശമ്പളം കുടിശ്ശികയായിട്ടും അങ്ങേയറ്റത്തെ മര്യാദയോടെയാണ് മാധ്യമം ജീവനക്കാർ സമരരംഗത്ത് നിലയുറപ്പിച്ചത്.  എന്നാൽ, അളമുട്ടിയാൽ ചേരയും കടിക്കുമെന്ന കാര്യം മാനേജ്മെൻ്റ് ഓർക്കണം. തൊഴിലാളികൾ എല്ലാം അടിയറവെച്ച് മാനേജ്മെൻ്റിനു മുന്നിൽ സാഷ്‌ടാംഗം പ്രണമിക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ അവർ സ്വപ്നലോകത്താണ് ജീവിക്കുന്നത്. 
മാധ്യമത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന മാനേജ്മെൻ്റിൻ്റെ നിലപാട് വാദത്തിനുവേണ്ടി അംഗീകരിച്ചാൽതന്നെയും തൊഴിലാളികൾ ഒരു തരത്തിലും അതിനുത്തരവാദികളല്ല. ഈ സ്ഥാപനത്തിൻ്റെ പിറകിൽ പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി നേരത്തേ നിയോഗിച്ച അന്വേഷണ കമ്മിറ്റി റിപ്പോർട്ട്, സാമ്പത്തിക തട്ടിപ്പും റിയൽ എസ്റ്റേറ്റ്  കച്ചവടവുമെല്ലാം നടത്തിയ ഉന്നതരെക്കുറിച്ച് അക്കമിട്ട് പറയുന്നുണ്ട്. അതിലൊന്നും ഒരൊറ്റ തൊഴിലാളി പോലുമില്ല. എന്നിട്ടും സ്ഥാപനത്തിനു വേണ്ടി വിയർപ്പൊഴുക്കിയവരെ വഴിയാധാരമാക്കാനാണ് നീക്കമെങ്കിൽ ഈ നാട്ടിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ ഒന്നടങ്കം അതിനെ നേരിടും. രമ്യമായ ഒത്തുതീർപ്പിന് ഇനിയും സമയം വൈകിയിട്ടില്ലെന്നും മാനേജ്മെൻ്റ് അതിന് സന്നദ്ധമായാൽ ജീവനക്കാരും തൊഴിലാളി സംഘടനകളും മുഖംതിരിഞ്ഞ് നിൽക്കില്ലെന്നും എളമരം കരീം കുട്ടിച്ചേർത്തു. 
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻ്റ് കെ.പി. റെജി അധ്യക്ഷത വഹിച്ചു. 
സർക്കാർ മധ്യസ്ഥന്‍റെ റോളിൽനിന്ന് മാറി ജോലിയെടുക്കുന്ന തൊഴിലാളിക്ക് ശമ്പളം ലഭ്യമാക്കാൻ നിയമപരമായ നടപടികളിലേക്ക് കടക്കണമെന്ന് സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ച ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻ്റ് കെ. രാജീവ് പറഞ്ഞു.
പി.കെ. നാസർ (സംസ്ഥാന സെക്രട്ടറി, എ.ഐ.ടി.യു.സി), എ.ടി. അബ്‌ദു (ജില്ല ജന. സെക്രട്ടറി, എസ്.ടി.യു), ബിജു ആൻ്റണി (സംസ്ഥാന സെക്രട്ടറി, എച്ച്.എം.എസ്), സുരേഷ് എടപ്പാൾ (ജന. സെക്രട്ടറി, കെ.യു.ഡബ്ല്യു.ജെ), ഇ.പി. മുഹമ്മദ് (ജില്ല പ്രസിഡൻ്റ്, കെ.യു.ഡബ്ല്യു.ജെ), സി. രതീഷ് കുമാർ (ജില്ല സെക്രട്ടറി, കെ.എൻ.ഇ.എഫ്), പ്രശാന്ത് പുത്തലത്ത് (സംസ്ഥാന കമ്മിറ്റി അംഗം, കെ.യു.ഡബ്ല്യു.ജെ), എം.വി. ഫിറോസ് (സിറാജ് ജേർണലിസ്റ്റ്സ് യൂണിയൻ), ടി.എം. അബ്ദുൾ ഹമീദ് (ജില്ല പ്രസിഡൻ്റ്, കെ.എൻ.ഇ.എഫ്), ജിനേഷ് പൂനത്ത് (സംസ്ഥാന കമ്മിറ്റി അംഗം, കെ.യു.ഡബ്ല്യു.ജെ), എന്നിവർ സംസാരിച്ചു. 
കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡൻ്റ് വി.എസ്. ജോൺസൺ സ്വാഗതo പറഞ്ഞു. 
സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി സംഘടനകളുടെ ആഭിമുഖ്യത്തിൽ നൂറുകണക്കിന് തൊഴിലാളികൾ സമരത്തെ അഭിവാദ്യം ചെയ്യാനെത്തി.

Photo: ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് മാധ്യമം ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം