ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ


ചിറക്കല്‍: ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തിയ മഹാകവിയാണ് ചെറുശ്ശേരിയെന്ന് ഡോ. സി.കെ. അശോക വര്‍മ്മ. തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചെറുശ്ശേരിയെ കുറിച്ചുള്ള ചരിത്രപരമായ സൂചനകള്‍ കൃഷ്ണഗാഥയില്‍ തന്നെയുണ്ട്. കോലത്തിരി രാജാവായ ഉദയവര്‍മ്മന്റെ ആജ്ഞ പ്രകാരമാണ് കൃഷ്ണഗാഥ രചിച്ചതെന്ന കാവ്യത്തിലെ പ്രസ്താവന അദ്ദേഹത്തിന്റെ കാലഘട്ടത്തെ കുറിച്ചുള്ള വ്യക്തമായ സൂചനയാണ്. എന്നാല്‍ കൃഷ്ണഗാഥ എവിടെ വച്ചെഴുതി എന്നത് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. പതിനഞ്ചാം നൂറ്റാണ്ടാണ് കൃഷ്ണഗാഥാ രചനയുടെ കാലം. എന്നാല്‍ 344 കൊല്ലം മുമ്പ് മാത്രമാണ് ചിറക്കലില്‍ ആദ്യത്തെ കോവിലകം സ്ഥാപിക്കുന്നത്. അതുകൊണ്ട് എഴുതിയ സ്ഥലം  ചിറക്കലില്‍ ആണെന്ന് ഉറപ്പിച്ചു പറയാനാവില്ല. കാനത്തൂര്‍ ഗ്രാമത്തിലാണ് ചെറുശ്ശേരിയുടെ ഇല്ലമെന്ന് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരുപക്ഷെ ഇല്ലത്തു വച്ചായിരിക്കാം ഗാഥ രചിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പത്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ല അധ്യക്ഷന്‍ അഡ്വ. പി.പി. സന്ദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. സഞ്ജീവന്‍ അഴീക്കോട്, തപസ്യ കണ്ണൂര്‍ യൂണിറ്റ് പ്രസിഡന്റ് സി.കെ. സുരേഷ് വര്‍മ്മ, പിലാത്തറ യൂണിറ്റ് പ്രസിഡന്റ് കാനപ്രം ഈശ്വരന്‍ എന്നിവര്‍ സംസാരിച്ചു. രാധാമണി, ഗീതാ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൃഷ്ണഗാഥാ പാരായണവും നടന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം