മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പരിഗണന; രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷനുമായി കേരളം




തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷനുമായി കേരളം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പദവി നല്‍കും. വില്ലേജ്, താലൂക്ക് ഓഫീസുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, ഗതാഗത കൗണ്ടറുകള്‍, എന്നിവിടങ്ങളില്‍ സര്‍ട്ടിഫിക്കേഷന്‍ നടപ്പാക്കാനാണ് പദ്ധതി.
വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുതുതായി വയോജനക്ഷേമ വകുപ്പ് രൂപീകരിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവും അധികം വയോധികരുള്ള സംസ്ഥാനമാണ് കേരളം. രണ്ട് പതിറ്റാണ്ടിനുള്ളില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ഉയരുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ നിരവധി പദ്ധതികളാണ് വകുപ്പ് വഴി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ ഓഫീസിലെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വയോജനക്ഷേമ വകുപ്പ് നടപടികള്‍ സ്വീകരിക്കും. വയോജനങ്ങള്‍ക്ക് പ്രത്യേക ക്യൂ ഇല്ലാത്തത്, ചെറിയ അക്ഷരങ്ങളില്‍ എഴുതിയ അപേക്ഷാ ഫോമുകള്‍, കൈവരിയില്ലാത്ത പടികള്‍ എന്നിവയെല്ലാം പലപ്പോഴും പ്രശ്‌നമാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് നിലവില്‍ സര്‍ക്കാര്‍ സര്‍ട്ടിഫിക്കേഷന്‍ ഏര്‍പ്പെടുത്തുന്നത്. അഞ്ച് മേഖലകളായാണ് ഇവയെ വിലയിരുത്തുക. കെട്ടിടത്തിലേക്കുള്ള പ്രവേശനത്തിന് 30 ശതമാനമാണ് സ്‌കോര്‍. ഓഫീസുകളില്‍ വിവിധ സേവനങ്ങള്‍ക്ക് 25 ശതമാനവും ജീവനക്കാരുടെ പെരുമാറ്റത്തിന് 20 ശതമാനവും വിവര നിയമത്തിന് 15 ശതമാനവും പങ്കാളിത്തത്തിന് 10 ശതമാനവും എന്നിങ്ങനെയാണ് സ്‌കോര്‍ നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. നിശ്ചിതകാലയളവിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കേണ്ടതായിട്ടുമുണ്ട്.

അതേസമയം, പടികളില്ലാത്ത പ്രവേശനം, താഴത്തെ നിലയില്‍ ശൗചാലയം, പ്രത്യേക ക്യൂ, പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ നിര്‍ബന്ധമായും പാലിക്കേണ്ട മാനദണ്ഡങ്ങളും സര്‍ക്കാര്‍ നടപ്പാക്കും. ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി നിരീക്ഷിക്കുന്നതിന് സ്‌ക്രീനിങ് ബോഡിയെ നിയമിക്കും. വയോജന വകുപ്പിന് കീഴിലെ നോഡല്‍ സെല്ലിലാണ് രജിസ്ട്രി കൈകാര്യം ചെയ്യുന്നത്. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയായിരിക്കും സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിശ്ചയിക്കുക എന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം