രണ്ട് മാസമായി ശമ്പളം ലഭിച്ചില്ല, ദേശീയ പാത നിർമ്മാണ തൊഴിലാളികൾ പണിമുടക്ക് സമരം നടത്തി



കണ്ണൂര്‍-ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മുതല്‍ മുഴപ്പിലങ്ങാട് വരെയുള്ള ആറുവരിപ്പാത നിര്‍മാണച്ചുമതലയുള്ള വിശ്വസമുദ്ര കമ്പനിയിലെ നിര്‍മ്മാണ തൊഴിലാളികള്‍ പണിമുടക്കി.രണ്ട് മാസമായി ശമ്പളം ലഭിച്ചില്ലെന്ന പരാതിയുയര്‍ത്തിയാണ് ഇതരം സംസ്ഥാനക്കാരായ നൂറില്‍പരം തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.നിലവില്‍ കുടിശികയായ കൂലി തന്ന് തീര്‍ത്താല്‍ മാത്രമേ ഇനി ജോലി ചെയ്യൂവെന്ന മുന്നറിയിപ്പുമായി തൊഴിലാളികള്‍ ഒന്നടങ്കം ഇന്നലെ കാട്ടാമ്പള്ളിയിലെ വിശ്വസമുദ്രയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊരിവെയിലും പെരുമഴയും വകവെക്കാതെ രാത്രിയെന്നോ പകലെനനോ വ്യത്യാസമില്ലാതെ ജോലി ചെയ്ത തങ്ങളെ കൂലി തരാതെ അധികൃതര്‍ കബളിപ്പിക്കുകയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.മോശമായ ഭക്ഷണവും താമസ സൗകര്യവുമാണ് തൊഴിലാളികള്‍ നല്‍കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. കൂലി കിട്ടും വരെ പ്രതിഷേധം തുടരുമെന്നും ഇവര്‍ അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ അഴീക്കോട് മണ്ഡലം എം എല്‍ എ കെ വി സുമേഷും വളപട്ടണം എസ് എച്ച് ഒ  ടി എം വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.തുടര്‍ന്ന്  കെ വി സുമേഷ് എം എല്‍ എ കമ്പനി അധികൃതരുമായി പ്രാഥമികമായി നടത്തിയ ചര്‍ച്ചയില്‍ ഒരു മാസത്തെ ശമ്പളം വ്യാഴാഴ്ച ലഭിക്കുമെന്നും കുടിശികയായ ഒരു മാസത്തെ ശമ്പളം ഈ മാസം 15 നം നല്‍കുമെന്നും അറിയിച്ചു. ശമ്പള തടസമുണ്ടായാല്‍ ഇടപെടുമെന്ന് എം എല്‍ എയും പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു. എന്നാല്‍ ഇക്കാര്യം സമ്മതിച്ച് സമരം പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ല. ഇരുപതാം തീയ്യതിയാണ്  എല്ലാമാസവും ശമ്പളം നല്‍കാറുള്ളതെന്നും  രണ്ട് മാസത്തെ ശമ്പളം ഇപ്പോള്‍ ലഭിച്ചില്ലെങ്കില്‍ ഈ മാസത്തെ ശമ്പളം വീണ്ടും മുടങ്ങുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി. മാത്രമല്ല സമരം ചെയ്തവരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ കമ്പനി നേരത്തെ ചിലയിടങ്ങളില്‍ സ്വീകരിച്ചിരുന്നതായും ഇവര്‍ കുറ്റപ്പെടുത്തി. അത് കൊണ്ട് തന്നെ രണ്ട് മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. അതേ സമയം തൊഴിലാളികള്‍ പണിമുടക്കുന്നതോടെ നിലവില്‍ ഇഴയുന്ന ആറുവരിപ്പാതയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ണമായും സ്തംഭിച്ചേക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം