തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഗർഭസ്ഥ ശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം



തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഗർഭസ്ഥ ശിശു മരിച്ചു. പേരാവൂർ വെള്ളാർവള്ളി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ തൈക്കണ്ടിയിൽ വിജേഷ് - ശ്രീജ ദമ്പതികളുടെ ആദ്യ കുഞ്ഞാണ് മരിച്ചത്. പ്രസവ ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഒമ്പത് മാസം ഗർഭിണിയായ ശ്രീജയെ (40) ചൊവ്വാഴ്ച രാവിലെയോടെയാണ് പ്രസവത്തിനായി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ലേബർ റൂമിലേക്ക് മാറ്റി. 
രാവിലെ എട്ട് മണിയോടെ കുഞ്ഞ് പകുതി മാത്രം പുറത്തുവരുന്ന അവസ്ഥയാണെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഡോക്ടർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഓപ്പറേഷൻ നടത്തിയില്ലെന്നും തുടർന്ന് രാവിലെ പത്ത് മണിയോടെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും കുഞ്ഞിന്റെ പിതാവ് വിജേഷും ബന്ധുക്കളും പറഞ്ഞു.
അതേസമയം, ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും കുഞ്ഞിനെ രക്ഷിക്കാൻ സാധ്യമായ രീതിയിലെല്ലാം ശ്രമിച്ചിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഗർഭപാത്രത്തിൽ വെച്ചുതന്നെ കുഞ്ഞും മറുപിള്ളയും വേർപെട്ടുപോകുന്ന 'അബ്രാപ്ഷിയ പ്ലാസന്റ്' എന്ന അപൂർവ്വവും സങ്കീർണ്ണവുമായ ആരോഗ്യസ്ഥിതിയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം