ഓടയിലേക്ക് മലിനജലം ഒഴുക്കി; കുറുമാത്തൂരിൽ 2 റെസ്റ്റോറന്റുകൾക്ക് 50000 രൂപ പിഴയിട്ടു
കുറുമാത്തൂർ: മാലിന്യ സംസ്കരണ നിയമങ്ങൾ ലംഘിച്ച് മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കി വിട്ട രണ്ട് റെസ്റ്റോറന്റുകൾക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ശക്തമായ നടപടി. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൂവ്വം ടൗണിൽ പ്രവർത്തിക്കുന്ന 'അറേബ്യൻ', 'ലെ മിന്റ്' എന്നീ ഭക്ഷണശാലകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സ്ഥാപനങ്ങളിൽ നിന്നു 25,000 രൂപ വീതം പിഴ ഈടാക്കി.
നാട്ടുകാരുടെ പരാതിയെ തുടർന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്. റെസ്റ്റോറന്റുകളിൽ നിന്നുള്ള മലിനജലം നേരിട്ട് സമീപത്തെ പൊതു ഓടയിലേക്ക് ഒഴുക്കുകയായിരുന്നു.
ഇത് പരിസരത്ത് കടുത്ത ദുർഗന്ധത്തിന് കാരണമാകുകയും കൊതുക് പെരുകുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ലഭ്യമായ വിവരത്തെ തുടർന്ന് സ്ക്വാഡ് ഉടൻതന്നെ സംഭവസ്ഥലം പരിശോധിക്കുകയും അനധികൃതമായി ഓടയിൽ സ്ഥാപിച്ച പൈപ്പുകൾ പരിശോധനാ സമയം തന്നെ നീക്കം ചെയ്യിക്കുകയും ചെയ്തു.
ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ രീതിയിൽ പ്രവർത്തിച്ച ഈ സ്ഥാപനങ്ങൾക്കെതിരെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. മേഖലയിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി അഷറഫ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മോളി സേവിയർ എന്നിവർ നേതൃത്വം നൽകി.
Comments
Post a Comment