നഷ്ടപ്പെട്ട 20 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി വളപട്ടണം പോലീസ് സ്റ്റേഷൻ




കണ്ണൂർ:വളപട്ടണം പോലീസ് സ്റ്റേഷന്റെ മാതൃകാപരമായ ഇടപെടലിൽ നഷ്ടപ്പെട്ട ഇരുപത് മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി. 

വളപട്ടണം സ്റ്റേഷൻ പരിധിയിൽ വിവിധ സമയങ്ങളിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ സി.ഇ.ഐ.ആർ പോർട്ടൽ വഴി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഫോണുകൾ കണ്ടെത്താനായത്. കേരളത്തിന് പുറമേ ബീഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന, ജാർഖണ്ഡ് തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ എത്തിയ ഫോണുകളാണ് പോലീസ് കണ്ടെടുത്തത്. ഇതിൽ ചില ഫോണുകൾ പോലീസ് സംഘം നേരിട്ട് പോയി ശേഖരിച്ചപ്പോൾ മറ്റു സംസ്ഥാനങ്ങളിലുള്ളവ കൊറിയർ മാർഗമാണ് സ്റ്റേഷനിൽ എത്തിച്ചത്. 

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം വളപട്ടണം പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിലാണ് പ്രത്യേക ടീമിനെ രൂപീകരിച്ചത്. വളപട്ടണം സ്റ്റേഷൻ എ.എസ്.ഐ ഷമീം കെ.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫോണുകൾ കണ്ടെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. 

വളപട്ടണം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അർഹരായ ഉടമസ്ഥർക്ക് ഫോണുകൾ കൈമാറി. സ്റ്റേഷൻ എസ്.എച്ച്.ഒ  വിപിൻ ടി.എം സ്വാഗതം ആശംസിച്ച ചടങ്ങിന് സർക്കിൾ ഇൻസ്പെക്ടർ  വിജേഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷഹീർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, കണ്ണൂർ സിറ്റി അഡീഷണൽ എസ്.പി. ഷാജി വർഗ്ഗീസ് ഫോണുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഒരു പോലീസ് സ്റ്റേഷൻ തലത്തിൽ ഇത്രയധികം ഫോണുകൾ കണ്ടെത്തി നൽകുന്നതിന് വളപട്ടണം പോലീസിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണുകൾ നഷ്ടപ്പെടുമ്പോൾ സ്വകാര്യ വിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എ.എസ്.ഐമാരായ ഷമീം കെ.പി,  ഷാജി, എസ്.സി.പി.ഒ മാരായ ജാഫർ ഷെരീഫ്,  ജയ്സൺ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. 

*മൊബൈൽ ഫോണുകൾ നഷ്ടപ്പെടുന്നവർ ചെയ്യേണ്ട നടപടികൾ*

ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്ത ശേഷം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകണം. തുടർന്ന് പരാതി രസീത് ഉപയോഗിച്ച് സി.ഇ.ഐ.ആർ പോർട്ടൽ (https://www.ceir.gov.in) വഴി ഫോണിലെ ഐ.എം.ഇ.ഐ നമ്പറുകൾ നൽകി ബ്ലോക്ക് ചെയ്യാം. ഈ ഫോണുകളിൽ ആരെങ്കിലും പുതിയ സിം കാർഡ് ഉപയോഗിച്ചാൽ ലൊക്കേഷൻ ട്രേസ് ചെയ്യാൻ സാധിക്കും. കൂടാതെ, സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർ സഞ്ചാർ സാത്തി (https://sancharsaathi.gov.in) വെബ്സൈറ്റിലെ 'Know Genuineness of Your Mobile Handset' എന്ന ഓപ്ഷൻ വഴി ഐ.എം.ഇ.ഐ നമ്പർ പരിശോധിച്ച് ഫോണിന്റെ ആധികാരികത ഉറപ്പുവരുത്തണമെന്നും  പോലീസ് അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം