ഗാന്ധിജി ഇന്നുംമനസിൽ അണയാത്ത ദീപ്‌ത സ്മരണ, ഗാന്ധി പ്രതിമ ശുചീകരിച്ച് നാരായണൻ കുട്ടി
തളിപ്പറമ്പ്:മഹാത്മഗാന്ധിജി ഇന്ത്യൻ രാഷ്ട്രപിതാവ് മാത്രമല്ല മനസിൽ അണയാത്ത ദീപ്തസ്മരണയും പ്രചോദനവുമാണ് പലർക്കും . ഗാന്ധി മാർഗത്തിലുടെ സഞ്ചരിച്ച ഒരു തലമുറയുടെ പ്രതീകങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്. തളിപറമ്പിലെ നാരായണൻ കുട്ടി ഈ വിഭാഗത്തിൽ പെട്ടയാളാണ്.
പതിവ് തെറ്റിക്കാതെ ഈ വര്‍ഷവും ഗാന്ധി ജയന്തിയോടനുബന്ധിച്ച് നാരായണന്‍കുട്ടി ഒക്ടോബര്‍ ഒന്നിന് ഗാന്ധി പ്രതിമ ശുചീകരിക്കാനെത്തി.2005 ല്‍ സ്ഥാപിക്കപ്പെട്ട തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധി പ്രതിമ എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടിന്റെ ഗാന്ധിജയന്തിക്ക് തലേന്നാള്‍ ശുചീകരിക്കുന്നത് തൃച്ചംബരം സ്വദേശിയായ പി.വി.നാരായണന്‍കുട്ടിയാണ്.
ജവഹര്‍ ബാല്‍മഞ്ച് തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി ചെയര്‍മാനായ ഇദ്ദേഹം ശാരീരിക അവശതകള്‍ക്കിടയിലും ഒരു അനുഷ്ഠാനം പോലെയാണ് ഈ വര്‍ഷവും ഗാന്ധി പ്രതിമ ശുചീകരിക്കാനായി എത്തിയത്.
74 കാരനായ നാരായണന്‍കുട്ടി ശരീരം അനുവദിക്കുന്ന കാലത്തോളം ഈ പ്രവൃത്തി ചെയ്യുമെന്ന ദൃഡനിശ്ചയത്തിലാണ്. തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ റവന്യു ടവര്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ പ്രതിമ ഉള്‍പ്പെടെ ഷീറ്റിട്ട് മൂടിയിരുന്നു.
ഇദ്ദേഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് തളിപ്പറമ്പ് തഹസില്‍ദാര്‍ കെ.കെ.സുനിഷ മുന്‍കൈയെടുത്താണ് ഷീറ്റുകള്‍ താല്‍ക്കാലികമായി നീക്കം ചെയ്ത് പ്രതിമ ശുചീകരിക്കാന്‍ സൗകര്യമൊരുക്കിയത്.
ഇന്ന് രാവിലെ പ്രതിമയില്‍ മാല ചാര്‍ത്തിയ ശേഷം ശുചീകരണപ്രവര്‍ത്തനങ്ങളും നടത്തി
തളിപ്പറമ്പ് ഭൂരേഖ തഹസില്‍ദാര്‍ എ,സുരേഷ്‌കുമാറാണ് ശുചീകരണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തത്.
Comments
Post a Comment