മമ്മൂട്ടിക്കെതിരായ സൈബര്‍ അറ്റാക്കിങ്: അണികളെ തിരുത്തി പി ജയരാജൻ



കണ്ണൂര്‍: മെഗാ സ്റ്റാർ മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ രംഗത്തുവന്നു.
ഇടതുപക്ഷത്തിന്റെ ലേബലില്‍ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്നും രാഷ്ട്രീയ ശത്രുക്കള്‍ക്ക് അവസരം ഒരുക്കാനും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനും ചിലര്‍ നടത്തുന്ന അജണ്ട തിരുത്തേണ്ടതുണ്ടെന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുന്‍പുണ്ടായ ഒരു വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച് പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ട ഒന്നാണ്. സിപിഎം വയനാട് ജില്ലാ സെക്രട്ടറി റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് മുന്നിലുള്ളതുമാണ്. തീര്‍ന്നുപോയ ഒരു തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി, ആ മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാന്നെന്നും പി ജയരാജന്‍ പറഞ്ഞു.
മമ്മൂട്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്ന വ്യക്തിയല്ല, ഈ നാടിന്റെയാകെ പൊതുസ്വത്താണ്. അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തില്‍ അളക്കേണ്ട ഒന്നല്ലെന്നും പി ജയരാജന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മമ്മൂട്ടിയെ സന്ദര്‍ശിച്ച എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളെ വിമശിച്ച് സൈബര്‍ അണികള്‍ രംഗത്തെത്തിയിരുന്നു. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ചിത്രം പങ്കുവെച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. എന്നാല്‍ സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന പി ജയരാജന്റെ 'തിരുത്തി'ന് താഴെയും വിമര്‍ശനം ശക്തമാണ്. 'സഖാവെ…അങ്ങയോടുള്ള ബഹുമാനം കളയരുത്' എന്നടക്കം രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

പി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം ഇവിടെ വായിക്കാം

മലയാളത്തിന്റെ അഭിമാനമായ മഹാനടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ അത്യന്തം അപലപനീയമാണ്.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപുണ്ടായ ഒരു വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച് പൂർണ്ണമായും പരിഹരിക്കപ്പെട്ട ഒന്നാണ്. സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി സഖാവ് റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് മുന്നിലുള്ളതുമാണ്. തീർന്നുപോയ ഒരു തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി, ആ മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണ്.

മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല; ഈ നാടിന്റെയാകെ പൊതുസ്വത്താണ്. അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ അളക്കേണ്ട ഒന്നല്ല. പുരോഗമന വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കൾ, അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് സന്ദർശിച്ചതിനെപ്പോലും വിവാദമാക്കുന്നത് സങ്കുചിത രാഷ്ട്രീയ ബോധമാണ്. ദേശീയ തലത്തിൽ ജനാധിപത്യത്തിനുവേണ്ടിയും കാവിവത്കരണത്തിനെതിരെയും പൊരുതി അംഗീകാരം നേടിയ ഡി. വൈ. എഫ്. ഐ - എസ്.എഫ്.ഐ നേതാക്കളെ കാണാൻ ആഗ്രഹിച്ചതുതന്നെ ഈ സംഘടനകൾക്കുള്ള വലിയ അംഗീകാരമാണ്.

ഇടതുപക്ഷത്തിന്റെ ലേബലിൽ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല. രാഷ്ട്രീയ ശത്രുക്കൾക്ക് അവസരമൊരുക്കാനും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും ചിലർ നടത്തുന്ന അജണ്ട തിരിച്ചറിയപ്പെടേണ്ടതുണ്ട്.

കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരം. തെറ്റായ പ്രചാരണങ്ങളിൽ പെട്ടുപോയിട്ടുള്ളവർ അതിൽനിന്ന് പിന്തിരിയണം. മലയാളത്തിന്റെ മഹാനടനെതിരെയുള്ള അനാവശ്യമായ സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ജയരാജൻ വ്യക്തമാക്കി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.