മൂല്യങ്ങൾ ‘മാധ്യമ‘ത്തിന്റെ ഉടമസ്ഥർക്കും ബാധകം- എളമരം കരീം*മാധ്യമത്തിനു മുന്നിൽ ട്രേഡ് യൂനിയൻ നേതാക്കളുടെ സത്യഗ്രഹം
കോഴിക്കോട്: ‘മാധ്യമം’ ദിനപത്രത്തിലെ ശമ്പള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടത്തി. ശമ്പള കുടിശ്ശിക ഒമ്പതാം മാസത്തിലേക്കു കടക്കുന്ന പത്രത്തിൽ ജീവനക്കാർ രണ്ടു മാസമായി തുടരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതൃത്വത്തിൽ ദേശീയ-സംസ്ഥാന ട്രേഡ് യൂണിയൻ നേതാക്കളാണ് കോഴിക്കോട് മാധ്യമം ആസ്ഥാനത്തിനു മുന്നിൽ സത്യഗ്രഹം നടത്തിയത്. സത്യഗ്രഹ സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. മനുഷ്യരിൽ ധാർമികതയുണ്ടാക്കാൻ നടക്കുന്ന മാധ്യമത്തിന്റെ ഉടമസ്ഥന്മാർക്ക് മൂല്യങ്ങൾ അവർക്കും ബാധകമാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് എളമരം കരീം പറഞ്ഞു. ധാർമികത എന്ന ഒരംശമെങ്കിലും രക്തത്തിലുണ്ടെങ്കിൽ തൊഴിലാളികളെ ഗേറ്റിന് മുന്നിലിരുത്തി എയർകണ്ടീഷൻ മുറിയിലിരിക്കാൻ എങ്ങനെയാണ് സാധിക്കുന്നത്. മാനേജ്മെന്റിന് മനുഷ്യ രൂപം മാത്രമേയൂള്ളു. അക്രമവും അനീതിയുമല്ല തൊഴിലാളികൾ നടത്തുന്നത്. മാധ്യമം ജീവനക്കാർ സ്വന്തം നിലയിൽ പലതരത്തിൽ ശമ്പളത്തിന്റെ വിഹിതം മാനേജ്മെന്റിന് വിട്ടുനൽകിയിട്ടുണ്ട്. ജീവനക്കാരുടെ വിട്ടുവീഴ്ചയാണത്. തൊഴിലാളികൾക്കെതിരായ അനീതിയെ തൊഴിലാളി സംഘടനകൾ ചോദ്യംചെയ്യുന്നത് പതിവാണ്. അതിനെ ഒരു മാനേജ്മെന്റും വ്യക്തിപരമായി സമീപിച്ചിട്ടില്ല. മാധ്യമം മാനേജ്മെന്റ് മര്യാദ കാണിക്കുന്നില്ലെന്നും ഇനിയും അനീതി തുടർന്നാൽ മുഴുവൻ ഉത്തരവാദിത്തവും മാനേജ്മെന്റിന് മാത്രമായിരിക്കുമെന്നും എളമരം കരീം മുന്നറിയിപ്പ് നൽകി.
ഐ.എൻ.ടി.യു.സി ജില്ല പ്രസിഡണ്ട് കെ. രാജീവ് അധ്യക്ഷനായിരുന്നു.
സി.ഐ.ടി.യു ദേശീയ സെക്രട്ടറിയും സമരസമിതി കൺവീനറുമായ കെ.എൻ. ഗോപിനാഥ്, ഐ.എൻ.ടി.യു.സി ദേശീയ വൈസ് പ്രസിഡണ്ട് ഡോ. എം.പി പത്മനാഭൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി. മുരളി, എസ്.ടി.യു അഖിലേന്ത്യ പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, സേവ ദേശീയ ഉപാധ്യക്ഷ ഡോ. സോണിയ ജോർജ്, എച്ച്.എം.എസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ബിജു ആന്റണി, എ.ഐ.ടി.യു.സി നേതാവ് പി.കെ നാസർ, ടി.യു.സി.ഐ സംസ്ഥാന ട്രഷറർ സലിം കുമാർ, എച്ച്.എം.കെ.പി സംസ്ഥാന സെക്രട്ടറി എ.എസ്. രാധാകൃഷ്ണൻ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി റജി തുടങ്ങിയവർ സംസാരിച്ചു. സി. ഐ. ടി. യു ജില്ല ട്രഷറർ പി.കെ സന്തോഷ് സ്വാഗതവും കെ.എൻ.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് പാലത്ത് നന്ദിയും പറഞ്ഞു. വെള്ളിമാട്കുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിന് വിവിധ തൊഴിലാളി യൂണിയൻ നേതാക്കളായ പി.കെ മുകുന്ദൻ, മാമ്പറ്റ ശ്രീധരൻ, പി.വി മാധവൻ, അഡ്വ.പി.എം ഹനീഫ, എൻ കെ സി ബഷീർ,
എ.ടി അബ്ദു, ബിജു ആന്റണി, ഒ.കെ സത്യ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ജില്ല സെക്രട്ടറി പി.കെ സജിത്ത്, നിയുക്ത ജില്ല പ്രസിഡണ്ട് ദീപക് ധർമ്മടം, നിയുക്ത സെക്രട്ടറി എ.വി ഫർദീസ്, മാധ്യമത്തിലെ ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.
Comments
Post a Comment