ഏകദിനത്തിൽ ഇരട്ട സെഞ്ച്വറിയടിക്കാൻ ആശാൻമാർ ഇന്ത്യക്കാർ തന്നെ :സച്ചിൻ തുടങ്ങിയ വിപ്ളവം വിസ്മയമാക്കി സെവാഗും രോഹിത്തും
ജെൻസി ബാബു
ഏകദിനത്തിൽ ഇരട്ട സെഞ്ച്വറിയടിക്കാൻ ആശാൻമാർ ഇന്ത്യക്കാർ തന്നെ. ലോക ക്രിക്കറ്റ് ചരിത്രത്തിലുണ്ട് ഇന്ത്യൻ താരങ്ങളുടെ മിന്നലാട്ടങ്ങൾ. ഏറ്റവും ഒടുവിൽ
റൈസിംഗ് സ്റ്റാഴ്സ് ഏഷ്യാ കപ്പ് ക്രിക്കറ്റിൽ റെക്കോഡുകളുടെ പെരുമഴ തീർത്ത് ഇന്ത്യയുടെ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയുമെത്തിയതോടെ ക്രിക്കറ്റിലെ മഹാമേരുക്കൾ താണ്ടാൻ ഇന്ത്യക്കാരോളം പോന്നവർ വേറെയില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്.
യുഎഇയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ എ ടീമിനായി ഓപ്പണറായി ഇറങ്ങിയ വൈഭവ് വെറും 52 പന്തിലാണ് ഡബിൾ സെഞ്ചുറി നേടിയത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ചുറിയെന്ന ലോകറെക്കോഡ് സ്വന്തം പേരിലാക്കി.
വൈഭവിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ യുഎഇ ഉയർത്തിയ 250-8 (50) റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെറും 14.2 ഓവറിലാണ് ഇന്ത്യ എ മറികടന്നത്.
ഇന്നിംഗിസിന്റെ തുടക്കം മുതൽ എതിർ ബൗളർമാരെ നിലംതൊടീക്കാതെ പ്രഹരിച്ച വൈഭവ് 16 പന്തുകളിൽ അർധസെഞ്ചുറി പൂർത്തിയാക്കി. തുടർന്ന് 28-ാം പന്തിൽ സെഞ്ചുറി തികച്ച താരം, ഓസ്ട്രേലിയൻ താരം ജെയ്ക്ക് ഫ്രേസർ മക്ഗുർഗ് 2023-ൽ കുറിച്ച 29 പന്തുകളിലെ സെഞ്ചുറിയെന്ന ലോകറെക്കോഡാണ് പഴങ്കഥയാക്കിയത്. ഇതോടെ സാക്കിബുൾ ഗനി (32 പന്ത്), ഇഷാൻ കിഷൻ (33 പന്ത്) എന്നിവരെ പിന്നിലാക്കി ലിസ്റ്റ് എ ക്രിക്കറ്റിൽ വേഗമേറിയ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന ബഹുമതിയും വൈഭവിന് സ്വന്തമായി.
സെഞ്ചുറിക്ക് ശേഷവും ആക്രമണം തുടർന്ന താരം 40 പന്തുകളിൽ 150 റൺസ് പിന്നിട്ട് ഈ നേട്ടത്തിലെത്തുന്ന ഏറ്റവും വേഗമേറിയ താരമായി മാറി. പിന്നാലെ 52-ാം പന്തിൽ ചരിത്രപരമായ ഡബിൾ സെഞ്ചുറിയും പൂർത്തിയാക്കി. 53 പന്തിൽ 204 റൺസെടുത്ത് പുറത്താകുമ്പോൾ 28 സിക്സറുകളും ഏഴ് ഫോറുകളും വൈഭവിന്റെ ബാറ്റിൽനിന്നു പിറന്നിരുന്നു.
ക്രിക്കറ്റ് ചരിത്രത്തിൽ ഒരു കാലത്ത് അപ്രാപ്യമെന്ന് കരുതിയിരുന്ന മാന്ത്രിക സംഖ്യയായിരുന്നു ഏകദിന മത്സരങ്ങളിലെ ഇരട്ട സെഞ്ചുറി. 50 ഓവറുകൾ മാത്രം നീളുന്ന ഒരു മത്സരത്തിൽ ഒറ്റയ്ക്കൊരു താരം 200 റൺസ് നേടുകയെന്നത് ചിന്തിക്കാൻ പോലും കഴിയാതിരുന്ന കാലമുണ്ടായിരുന്നു.
എന്നാൽ 2010 ഫെബ്രുവരി 24-ന് ക്രിക്കറ്റ് ലോകം ആ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു. അന്നുമുതൽ ഇങ്ങോട്ട് ഏകദിന ക്രിക്കറ്റിന്റെ ഭാവം തന്നെ മാറ്റിമറിച്ച ഇരട്ട സെഞ്ചുറി പിറന്നു.
ഏകദിന ക്രിക്കറ്റ് പിറന്ന് 39 വർഷങ്ങൾക്ക് ശേഷമാണ് ആദ്യ ഇരട്ട സെഞ്ചുറി പിറക്കുന്നത്. ഗ്വാളിയോറിലെ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് ആ ചരിത്രം കുറിച്ചത്. 147 പന്തുകളിൽ നിന്ന് 25 ഫോറുകളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെ സച്ചിൻ പുറത്താകാതെ നേടിയ 200 റൺസ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു.
സച്ചിൻ നൽകിയ ആത്മവിശ്വാസത്തിൽ പിന്നീട് ഇന്ത്യൻ താരങ്ങൾ തന്നെയാണ് ഈ നേട്ടം തങ്ങളുടെ കുത്തകയാക്കി മാറ്റിയത്. 2011-ൽ വെസ്റ്റ് ഇൻഡീസിനെതിരെ 219 റൺസ് നേടി വീരേന്ദർ സേവാഗ് സച്ചിന്റെ റെക്കോർഡ് തിരുത്തി.
149 പന്തിൽ 25 ഫോറും ഏഴ് സിക്സും ഉൾപ്പെടുന്നതായിരുന്നു സേവാഗിന്റെ ഇന്നിംഗ്സ്.
ഏകദിനത്തിലെ ഇരട്ട സെഞ്ചുറികളെക്കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേര് ഇന്ത്യൻ താരം ഹിറ്റ് മാൻ രോഹിത് ശർമ്മയുടേതാണ്. ലോക ക്രിക്കറ്റിൽ മറ്റൊരു താരത്തിനും ഒരു തവണയിൽ കൂടുതൽ ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ലാത്തപ്പോഴാണ് രോഹിത് മൂന്ന് തവണ 200 കടന്നത്.
2013-ൽ ഓസ്ട്രേലിയയ്ക്കെതിരെ (209 റൺസ്): ബംഗളൂരുവിൽ 16 സിക്സറുകൾ പറത്തിയാണ് രോഹിത് തന്റെ ആദ്യ ഇരട്ട സെഞ്ചുറി കുറിച്ചത്.
2014-ൽ ശ്രീലങ്കയ്ക്കെതിരെ (264 റൺസ്): കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ രോഹിത് നടത്തിയത് ബാറ്റിംഗ് വിസ്ഫോടനമായിരുന്നു. 173 പന്തിൽ 33 ഫോറുകളും ഒൻപത് സിക്സറുകളും സഹിതം നേടിയ 264 റൺസ് ഇന്നും ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്.
2017-ൽ ശ്രീലങ്കയ്ക്കെതിരെ (208 റൺസ്):മൊഹാലിയിൽ ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി രോഹിത് മൂന്നാം തവണയും 200 കടന്നു. 153 പന്തിൽ പുറത്താകാതെ 12 സിക്സും 13 ഫോറുമാണ് താരത്തിന്റെ ബാറ്റിൽനിന്നു പിറന്നത്. ക്രിസ് ഗെയ്ൽ ഉൾപ്പെടെയുള്ള വെടിക്കെട്ട് ബാറ്റ്സ്മാൻമാരും ബാറ്റുകൊണ്ടു വിസ്മയം തീർത്തവരാണ് എന്നാൽ ഇന്ത്യൻ കളിക്കാർ കളിക്കളത്തിൽ പുതു ചരിത്രമെഴുതുകയാണ് ചെയ്തത്.
Comments
Post a Comment