ദസറയുടെ ഏഴാം ദിനത്തെ സൂഫി മിസ്റ്റിക് ഗാനസുധയിലാറാടിച്ച് ഇമാം ബിൻസിയും മജ്‌ബൂറും.

 


സൂഫി മിസ്റ്റിക് സംഗീതത്തിന്റെയും, സൂഫി ഗസലിന്റെയും ഖവാലിയുടെയും വിവിധങ്ങളായ കൈവഴികളെ  മലയാളക്കരക്ക് പരിചയപ്പെടുത്തി ജനകീയമാക്കിയ ഗായകരായ സമീർ ബിൻസിയും ഇമാം മജ്‌ബൂറും ദസറയുടെ ഏഴാം ദിനത്തെ സൂഫി മിസ്റ്റിക് ഗാനസുധയിലാറാടിച്ചു.അമീർ ഖുസ്രു, ജലാലുദ്ധീൻ റൂമി  , മൻസൂർ അൽ ഹല്ലാജ് , തുടങ്ങിയവരുടെ സൂഫീ ഗീതങ്ങളും,മറ്റു മിസ്റ്റിക് പാരമ്പര്യത്തിൽ പെട്ട കബീർദാസ്, മീരാ ഭായി തുടങ്ങിയവരുടെ ഗാനങ്ങളും , ശ്രീ നാരായണ ഗുരുവിനെ പോലെയുള്ള യോഗികളുടെ കവിതകളും മലയാളത്തിലുള്ള മസ്താൻമാരുടെയും അതിൽ തന്നെ കണ്ണൂർ സിറ്റിയിൽ ജീവിച്ചിരുന്ന  ഇച്ച മസ്താൻറെയും ആ പാരമ്പര്യത്തിലുള്ള മറ്റു മസ്താൻമാരുടെ ഗാനങ്ങളും കാതിനിമ്പമേകി.അമീർ ഖുസ്രുവിന്റെ ചാപ് തിലക് , ഇച്ഛ മസ്താൻറെ കാഫ് നൂൻ കമാലിയ്യാത്ത്, മീരാഭായി എഴുതി ഫത്തേഹ് അലി ഖാൻ പാടി  പ്രശസ്തമാക്കിയ സാസോൻ കി മാലാ പേ ,ശ്രീ നാരായണ ഗുരുവിൻറെ ദൈവ ദശകത്തിലെയും ആത്മോപദേശ ശതകത്തിലെയും വരികൾ , ഹസ്രത് ഷാനിയാസിൻറെ ഹൈറാൻ ഹുവാ ,പ്രശസ്ത പ്രണയ ഗീതങ്ങളെ സൂഫീ ദിവ്യ പ്രണയത്തിൻറെ  വീക്ഷണ കോണുകളിലൂടെ അവതരിപ്പിച്ചു കൊണ്ട് പർദേ  മേ  രഹനെ ദോ,  തുമേ മേരീ മന്ദിർ തുടങ്ങിയ ഗാനങ്ങളും ലക്ഷ ദ്വീപിലെ പ്രശസ്ത സൂഫീ ഗാനങ്ങളും ദസറയുടെ വേദിയിൽ ഒഴുകിയപ്പോൾ ആസ്വാദനത്തിൻറെ കൊടുമുടിയേറുന്നതാണ് കാണാനായത് .  പുതിയ കാലഘട്ടത്തിൽ ലോകത്തുടനീളം സൂഫി സംഗീതം ജനകീയമാകുന്നതിനു മുമ്പേ, ഈ പാട്ട് വഴികളിലൂടെയും അതിന്റെ അന്വേഷണങ്ങളിലൂടെയും മുന്നോട്ടുപോയ സമീർ ബിൻസി കേരളത്തിൽ അറിയപ്പെട്ട സൂഫി  അക്കാദമിഷ്യൻ കൂടിയാണ് കൂടിയാണ്. കേരളത്തിൽ ഹിന്ദുസ്ഥാനി സംഗീതം പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കുടുംബത്തിലെ  ഇമാം മജ്ബൂറും സമീർ ബിൻസിയും മലയാള  സിനിമയിൽ അടക്കം സൂഫി സംഗീതത്തിന് ദൃശ്യത നൽകിയിട്ടുണ്ട്. മലയാളം തമിഴ് ഉർദു പേർഷ്യൻ അറബ് സംസ്കൃതം വരികളും ചൊല്ലുകളും ലോകപ്രശസ്ത സൂഫികളുടെയും മിസ്റ്റിക്കുകളുടെയും രചനകളും ഇവരുടെ സംഗീത സദസ്സിൽ പെയ്തിറങ്ങുന്നു. റൂമിയും മീരയും നാരായണഗുരുവും സാന്ത്വനമായും ആനന്ദമായും ദിവ്യ പ്രണയത്തിന്റെ ലഹരിയായും    പടർന്നു നിൽക്കുന്ന  സംഗീത സദസ്സിൽ ആത്മാനന്ദം കൊണ്ട് ഹൃദയം നിറഞ്ഞ്  മനുഷ്യരെല്ലാം ഒന്നാണെന്ന് അറിയിക്കുന്ന പാട്ടുകളും ഗീതങ്ങളും ശ്രോതാക്കളെ  സന്തോഷത്തിൽ ആറാടിക്കുന്നു. ഇവരുടെ ഗാനസദസ്സുകളിൽ  കണ്ണീർ പൊഴിച്ചും ചിന്താവിഷ്ടരായി മൗനമായിരുന്നും  ഇരുകൈകളുമുയർത്തിയും ആസ്വാദനത്തിൻറെ   വിവിധ  തലങ്ങളിലേക്ക് ഒഴുകുന്നതായി കാണാം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം