പി.എം. ശ്രീ പദ്ധതിയിലെ ഒപ്പിടൽ: മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ച യുവജന നേതാക്കൾക്കെതിരെ നടപടി വരുന്നു
കണ്ണൂർ: കേന്ദ്ര സർക്കാർപിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചതിൽ സിപിഐയിൽ അച്ചടക്കനടപടി. ഇതിൻ്റെ ഭാഗമായി
കണ്ണൂർ ജില്ലയിലെ രണ്ട് യുവ നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കി. കഴിഞ്ഞ ദിവസം ചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. എഐവൈഎഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെവി രജീഷിനോടും ജില്ലാ സെക്രട്ടറി സാഗർ കെ വിയോടുമാണ് വിശദീകരണം തേടിയത്. മുന്നണി ബന്ധത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലായ പ്രതിഷേധത്തിൻ്റെ സാഹചര്യം വ്യക്തമാക്കണമെന്ന് നോട്ടീസില്‍ പറയുന്നു.
പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഖേദ പ്രകടനവുമായി എഐവൈഎഫ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ഇന്നലെ പറഞ്ഞത്. ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവാണെന്നും എഐഎസ്എഫും എഐവൈഎഫും കൈകൊണ്ട നിലപാടുകൾ തികച്ചും ആശയപരം മാത്രമാണെന്നും ടിടി ജിസ്മോൻ പുറത്തിറക്കിയ വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. സിപിഐ മന്ത്രിമാർക്കെതിരേയും എഐവൈഎഫ്, എഐഎസ്എഫ് എന്നീ സംഘടനകളുടെ സമരത്തിനുമെതിരെ മന്ത്രി ശിവൻ കുട്ടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുള്ള ടിടി ജിസ്മോൻ്റെ പ്രസ്താവന വന്നത്. കണ്ണൂരിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജനും സി.പി.ഐ യുവജന സംഘടനകളുടെ കോലം കത്തിക്കൽ പ്രതിഷേധത്തിനെതിരെ വിമർശനമുന്നയിച്ചിരുന്നു. ഇടതു സർക്കാരിലെ ഒരു മന്ത്രിയുടെ കോലം കത്തിക്കുന്നതിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കത്തിക്കുകയാണെന്നാണ് ഇപി ജയരാജൻ പ്രതികരിച്ചത്.

Comments
Post a Comment