കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തി: കാപ്പ കേസ് പ്രതിയിൽ നിന്നും ഫോൺ പിടികൂടി
കണ്ണൂർ:നിലയ്ക്കുന്നില്ല കണ്ണൂർ സെൻട്രൽ ജയിലിലെ പ്രതികളുടെ ഫോൺ വിളികൾ. പരിശോധനകൾക്കിടെയിലും പള്ളിക്കുന്നിലെ കണ്ണൂർസെൻട്രൽ ജയിലിലെ അന്തേവാസികളുടെ മൊബൈൽ ഫോൺ ഉപയോഗം തുടരുകയാണ്.
ഒടുവിൽ കാപ്പ കേസ് പ്രതിയിൽ നിന്നാണ് വെള്ളിയാഴ്ച്ച നടയ പരിശോധനയിൽ മൊബൈൽ ഫോൺ പിടികൂടിയത്.
കണ്ണൂർ സെൻട്രൽജയിലിൽ നിന്ന് തൃശൂർആമ്പല്ലൂർ സ്വദേശിനിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ജയിൽ അധികൃതർക്ക് തെളിവുകളോടെ ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. തൃശൂർ സ്വദേശി ഗോപകുമാറാണ് ജയിലിൽ നിന്ന് ഫോൺ വിളിച്ചത്. സംഭവത്തിൽ യുവതി ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു തുടർന്ന് ഗോപകുമാർ ഉണ്ടായിരുന്ന ഒന്നാം ബ്ലോക്കിലെ സെല്ല് 15ൽ നിന്നാണ് ഫോൺ പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഗോപകുമാർ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ആദ്യമായിട്ടല്ല ഇയാൾ ജയിലിൽ നിന്ന് ഫോൺ വിളിക്കുന്നത്. നിരവധി ആളുകളെ ജയിലിൽ നിന്ന് വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടിണ്ടെന്നാണ് കണ്ടെത്തൽ. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരുടെ മൊബൈൽ ഫോൺ ഉപയോഗം തടയുന്നതിനായി നിരന്തരം റെയ്ഡ് നടത്തിവരികയാണ്. ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു ശേഷം ജയിൽ അധികൃതർ തുടർച്ചയായി റെയ്ഡ് നടത്തിവരികയാണ്. പതിനഞ്ചിലേറെ മൊബൈൽ ഫോണുകൾ അന്തേവാസികളിൽ നിന്നും ഇതുവരെയായി പിടികൂടിയിട്ടുണ്ട്.

Comments
Post a Comment