അണികൾ നേതൃത്വത്തെ തിരുത്തണം വികുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശനത്തിന് പൊലിസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്
കണ്ണൂര്‍: സിപിഎം അച്ചടക്കനടപടി സ്വീകരിച്ചു ജില്ലാ കമ്മിറ്റിയിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ മുൻ പയ്യന്നൂർ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകി. വി. കുഞ്ഞികൃഷ്ണന്റെ ഹര്‍ജിയിലാണ് കോടതി നടപടി. ഹര്‍ജിയില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, മധുസൂദനന് എംഎല്‍എ, സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പി സന്തോഷ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്നാണ് പുസ്തകത്തിന്റെ പേര്.'
രക്തസാക്ഷിഫണ്ട് തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തതോടെ കുഞ്ഞികൃഷ്ണനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാല്‍ ഫെബ്രുവരി നാലിന് ' പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിന് മാത്രമാണ് താന്‍ സുരക്ഷ ആവശ്യപ്പെട്ടതെന്ന് കുഞ്ഞികൃഷ്ണന് പ്രതികരിച്ചിരുന്നു. പയ്യന്നൂരില്‍ കോണ്‍ഗ്രസ് - ബിജെപി പ്രകടനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുമെന്ന് ആശങ്ക. എസ് പിക്കും കത്ത് നല്‍കിയിരുന്നുവെന്നും കുഞ്ഞികൃഷ്ണന് പറഞ്ഞു.
തനിക്ക് ഒരു ഭീതിയും ഇല്ല. തന്നെ ആക്രമിക്കണമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആകാമല്ലോ. പുസ്തകം എങ്ങനെയോ ചോര്‍ന്നുവെന്നും കുഞ്ഞികൃഷ്ണന് പറഞ്ഞിരുന്നു. നിലവില്‍ പുസ്തകത്തിന്റെ കുറച്ച് ഭാഗങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതില്‍ പയ്യന്നൂര്‍ എംഎല്‍എ മധുസൂദനനെ അതിരൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പയ്യന്നൂരിലെ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത് 2007ല്‍ മധുസൂദനന് ഏരിയാ സെക്രട്ടറി ആയതുമുതലാണെന്നും താനാണ് പയ്യന്നൂരിലെ നേതൃത്വം എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മധുസൂദനന് ശ്രമിച്ചുവെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Comments
Post a Comment