മോദിയുടെ നയങ്ങള്‍ കര്‍ഷകരെ തകര്‍ക്കുന്നു; യുഎസ്-ഇന്ത്യാ വ്യാപാര കരാര്‍ കര്‍ഷകര്‍ക്കുള്ള മരണപത്രമെന്നും രാഹുല്‍ ഗാന്ധി, പേരാവൂരിൽ കർഷകരെ ചേർത്ത് പിടിച്ച് പ്രതിപക്ഷ നേതാവ്
കണ്ണൂർ :രാജ്യത്തിന്റെ അടിത്തറയായ കര്‍ഷകരെ തകര്‍ക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാര്‍ നമ്മുടെ കര്‍ഷകരുടെ മരണപത്രമാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.പേരാവൂര്‍ തുണ്ടിയില്‍ പാരീഷ്ഹാളില്‍ നടന്ന കര്‍ഷക സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. അമേരിക്കയിലെ യന്ത്രസഹായത്തോടെ വന്‍കിട കോര്‍പ്പറേറ്റുകള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുന്നത് ക്രിമിനല്‍ നടപടിയാണ്. രാജ്യത്തെ ഒരു പ്രധാനമന്ത്രിയും ഇത്തരത്തില്‍ ഒരു കരാറിന് മുതിര്‍ന്നിട്ടില്ല. യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയാണ് മോദി ഈ കരാറില്‍ ഒപ്പിട്ടത്. സ്വന്തം സംരക്ഷണം മാത്രം നോക്കിയ മോദിയും കൂട്ടരും കര്‍ഷകരെ കുരുതികൊടുത്തു. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാനും ചര്‍ച്ചകള്‍ക്കും അവസരം നിഷേധിക്കുന്നു. പ്രതിപക്ഷ നേതാവിന് നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കാന്‍ പോലും അവസരം നിഷേധിക്കുന്നു. എപ്‌സ്‌ററീന്‍ സ്‌ക്രീട്ട് ഫയലുകളിലെ വിവരങ്ങള്‍ താന്‍ പുറത്തുവിടുമെന്ന് ഭയം കൊണ്ടാണ് തന്റെ പ്രസംഗം ലോക്‌സഭയില്‍ തടസപ്പെടുത്തിയത്. അദാനി കേവലം ഒരു വ്യവസായി മാത്രമല്ല. പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും സാമ്പത്തിക സ്രോതസ്സാണ്. അദാനിക്കെതിരെ മോദി നീങ്ങില്ല. അങ്ങനെ സംഭവിച്ചാല്‍ മോദിക്കെതിരായ രേഖകള്‍ പുറുത്തുവിടുമെന്ന് അദാനി ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാകും. വന്യമൃഗശല്യം പരിഹരിക്കാന്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം. കര്‍ഷകര്‍ക്ക് അര്‍ഹമായ ആദരവും താങ്ങുവിലയും സര്‍ക്കാര്‍ നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.സര്‍ക്കാര്‍ അനൂകൂല്യം സമയബന്ധിതമായി ലഭിക്കാത്തിനെ തുടര്‍ന്നുള്ള കടബാധ്യത കാരണം ആത്മഹത്യ ചെയ്ത മികച്ച പച്ചക്കറി കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ കര്‍ഷകന്‍ ഏലിയാസ് അമ്പാടിന്റെ ഭാര്യ ലേസ്യാമ ഏലിയാസ് സംസ്ഥാനത്ത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെ സംബന്ധിച്ച കുറിപ്പ് രാഹുല്‍ ഗാന്ധിക്ക് പരാതിയായി എഴുതി നല്‍കി. തുടര്‍ന്ന് രാഹുല്‍ ഗാന്ധി അവരെ വേദിയിലേക്ക് ക്ഷണിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ജനിതക വൈകല്യം നേരിടുന്ന യുവകര്‍ഷകനും മികച്ച കുട്ടികര്‍ഷകനുള്ള പേരാവൂര്‍ പഞ്ചായത്തിന്റെ അവാര്‍ഡ് ജേതാവും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അമ്പരീഷിനെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.കാട്ടാന ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആറളം സ്വദേശിയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ രഞ്ജിനി രതീഷിന് രാഹുല്‍ ഗാന്ധിയോട് പങ്കുവെയ്ക്കാനുണ്ടായിരുന്നത് ഞെട്ടിപ്പിക്കുന്ന വന്യമൃഗ ആക്രമണത്തിന്റെ നേര്‍ചിത്രമായിരുന്നു. അതിന്റെ പരിഹാരം കാണേണ്ടതിന്റെ പ്രധാന്യവും അതിനായി ആധുനിക സാങ്കേതിക വിദ്യപ്രയോജനപ്പെടുത്തണമെന്നും രഞ്ജിനി രതീഷിന്റെ അനുഭവവും പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി .ഫാ. ജോസഫ് കാവനാഴിയില്‍ മലയോര മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ സംവാദത്തിനിടെ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ അവതരിപ്പിച്ചു. വന്യമൃഗശല്യവും അതിന്റെ നഷ്ടപരിഹാരവും, വിളകളുടെ വിലത്തകര്‍ച്ച, തറവില വര്‍ധിപ്പിക്കുന്നതിന്റെ പ്രാധാന്യം, ശീതികരണ സംഭരണശാല,കര്‍ഷക പെന്‍ഷന്‍ 10000 രൂപയായി വര്‍ധിപ്പിക്കണം, 3 ശതമാനം പലിശയില്‍ കാര്‍ഷിക കുടുംബങ്ങള്‍ക്ക് ലോണ്‍ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളും ഫാ. ജോസഫ് കാവനാഴിയില്‍ ചൂണ്ടിക്കാട്ടി.ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കന്നുകാലി ഇന്‍ഷുറന്‍സ് ഉറപ്പാക്കണമെന്നും ക്ഷീരകര്‍ഷകയായ കേളകം സ്വദേശി അമൃത ആവശ്യപ്പെട്ടു. സബ്‌സിഡി അനുവദിക്കണം, വൈദ്യുത ചാര്‍ജ്ജ് നിരക്കില്‍ ഇളവും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കണമെന്ന ആവശ്യവും അമൃത മുന്നോട്ട് വെച്ചു. സംഭരിക്കുന്ന നെല്ലിന്റെ വില വേഗത്തില്‍ ലഭ്യമാക്കണം, അതിന്റെ തുക വായ്പയായി ലഭ്യമാക്കുന്നത് കര്‍ഷകന് ഒരു തരത്തിലും ഗുണകരമല്ലെന്നും നെല്‍ കര്‍ഷകനായ കുഞ്ഞബ്ദുള്ള ഉന്നയിച്ചു. ഇവര്‍ക്ക് പുറമെ കശുവണ്ടി , പച്ചക്കറി,നാളികേരം ഉള്‍പ്പെടെ നിരവധി മേഖയിലെ കര്‍ഷകര്‍ അവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വിവരിച്ചു.നേരിട്ട് അവതരിപ്പിക്കാനുള്ള സമയക്കുറവ് മൂലം കര്‍ഷകര്‍ അവരുടെ പരാതികള്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി. എല്ലാവരുടെയും പ്രയാസങ്ങള്‍ ചോദിച്ചും കേട്ടും മനസിലാക്കിയ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എല്ലാത്തിനും നടപടിയുണ്ടാകുമെന്ന് പ്രസംഗത്തില്‍ മറുപടി നല്‍കി.അന്നം നല്‍കുന്ന കര്‍ഷകന്‍ കടക്കെണിയില്‍ ആത്മഹത്യ ചെയ്യുമ്പോഴും വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. കൃഷിക്കാരന്റെ കൂടെ നില്‍ക്കാതെ ഈ നാടിനെ രക്ഷപ്പെടുത്താനാകില്ലെന്ന് തിരിച്ചറിയുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.റബറിന് വിലയിടവ് നേരിട്ടപ്പോള്‍ 150 രൂപ താങ്ങുവില പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് ആശ്വാസമേകിയത് യുഡിഎഫ് സര്‍ക്കാരാണ്. ഇന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകന്റെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നു. അതിന് മാറ്റവേണമെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു. നാടിന്റെ നട്ടെല്ലാണ് കര്‍ഷകരെന്നും അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിന് ഉണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സുധാകരന്‍ എംപി പറഞ്ഞു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷ്, ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, സജീവ് ജോസഫ് എംഎല്‍എ, വിഎ നരായണന്‍,ചന്ദ്രന്‍ തില്ലങ്കേരി,സോണി സെബ്യാസ്റ്റിയന്‍,അബ്ദുള്‍ കരീം,പിടി മാത്യു, ഫാ. മാത്യൂ തെക്കേമുറി തുടങ്ങിയവരും പങ്കെടുത്തു.

Comments
Post a Comment