ആരോഗ്യമന്ത്രി വീണാ ജോർജ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വിട്ടു :തുടർ ചികിത്സ തിരുവനന്തപുരത്ത് നടത്തും
കണ്ണൂർ : കണ്ണൂർ റെയിൽവെ സ്റ്റേഷനിൽകെഎസ്യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് പരിയാരത്തെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിവിട്ടു. ഔദ്യോഗിക വാഹനത്തിൽ വെള്ളിയാഴ്ച്ച പുലർച്ചെ നാല് മണിയോടെയാണ് മന്ത്രി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. കഴിഞ്ഞദിവസം ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. ഇതെത്തുടർന്ന് മന്ത്രി ഡിസ്ചാർജ് ആവശ്യപ്പെടുകയായിരുന്നു. തുടർ ചികിത്സ തിരുവനന്തപുരത്ത് വെച്ചായിരിക്കും.
അതേസമയം സംഭവത്തിൽ രാഷ്ട്രീയ പോരാട്ടവും തുടരുകയാണ്. ആരോഗ്യ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം പുറത്തുവിടുന്നവർക്ക് പാരിതോഷികം കെഎസ് യുവും യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഭവ തെളിയിച്ചാൽ ഒരു പവൻ നൽകാമെന്ന ക്യാമ്പയിൻ നടത്തുന്നുണ്ട് . എന്നാൽ ബോധപൂർവ്വമുള്ള വധശ്രമമാണ് ആരോഗ്യ മന്ത്രിക്കെതിരെ നടന്നതെന്ന് വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഎം. പുറത്തുവന്ന ദൃശ്യങ്ങളിൽ ഒന്നും മന്ത്രിയെ കെഎസ്യു പ്രവർത്തകർ നേരിട്ട് കയ്യേറ്റം ചെയ്യുന്നതിന്റെ തെളിവുകളില്ല. സംഭവത്തിൽ കേസെടുത്ത റെയിൽവെ പൊലിസും ഈ കാര്യം സ്ഥിരീകരിക്കുന്നു.
എന്നാൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രി നഴ്സുമാർക്കൊപ്പമുള്ള സെൽഫി ചിത്രത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഐസിയുവിൽ പാലിക്കേണ്ട മര്യാദകളില്ലാതെ ഫോട്ടോയെടുത്തു വെന്നാണ്
ആക്ഷേപം. കഴുത്തിന് ഗുരുതര പരുക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് എങ്ങനെ ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാണ് രാഷ്ട്രീഎതിരാളികളുടെ വിമർശനം.

Comments
Post a Comment