കെ.പി സി സി അദ്ധ്യക്ഷൻസണ്ണി ജോസഫിന്റെ പേരില്‍ പ്രചരിച്ച കത്ത്; കെ സുധാകരൻ എംപിയുടെ മരുമകനെ പൊലിസ് ചോദ്യം ചെയ്തു
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റേതെന്ന പേരില്‍ വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന കേസില്‍ കെ സുധാകരൻ എംപിയുടെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു. ആലക്കോട് സൈബര്‍ പൊലീസാണ് ഇന്ന് രാവിലെ അജിത് കുമാറിനെ ചോദ്യം ചെയ്തത്. കേസന്വേഷണത്തിനിടെ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ ചോദ്യം ചെയ്തത്. കെ എസ് ബ്രിഗേഡ് പേജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാള്‍കൂടിയാണ് അജിത് കുമാര്‍.
കെ സുധാകരനെതിരെ എഐസിസിക്ക് താന്‍ നല്‍കിയെന്ന നിലയില്‍ പ്രചരിക്കുന്ന കത്ത് താന്‍ തയ്യാറാക്കിയതാണെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നായിരുന്നു സണ്ണി ജോസഫ് വിഷയത്തില്‍ പ്രതികരിച്ചത്. 'ഇത് മറ്റൊരു കാഫിര്‍ സ്ക്രീന്ഷോട്ടായി മാറും. കളക്ടര്‍ക്കും ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. അവര്‍ അന്വേഷിച്ച് നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരണം. സര്‍ക്കാരിനേയും ഈക്കാര്യത്തില്‍ വെല്ലുവിളിക്കുകയാണ്. നിലവില്‍ നല്കിയ പരാതികളില്‍ അന്വേഷണം ഉണ്ടായില്ലെങ്കില്‍ നിയമത്തിന്റെ ഏതറ്റം വരേയും പോകുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.
കണ്ണൂര്‍ എംപി കെ സുധാകരന് നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് സണ്ണി ജോസഫ് കത്ത് നല്കി എന്ന തരത്തിലായിരുന്നു പ്രചരണം. മണ്ഡലത്തില്‍ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും കെപിസിസിയുടെ ലെറ്റര്‍ഹെഡിലായിരുന്നു കത്ത്. എന്നാൽ ഇതു ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് വിവാദമായത് ഇതേ തുടർന്ന് സണ്ണി ജോസഫ് നൽകിയ പരാതിയിൽ രണ്ടു പേർക്കെതിരെ പൊലിസ് കേസെടുത്തിരുന്നു.

Comments
Post a Comment