മുത്തങ്ങ ഭൂസമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: 23 വർഷത്തിന് ശേഷം വിധി ഇന്ന്, ഗീതാനന്ദനും സി കെ ജാനുവും പ്രതി പട്ടികയിൽ


മാനന്തവാടി:മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ അന്തിമവിധി ഇന്ന്. ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പടെ കേസിൽ ആകെ 53 പ്രതികൾ. പൊലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസിൽവയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക 23 വർഷത്തിന് ശേഷം. പ്രതിപ്പട്ടികയിലുള്ള 15 പേർ ഇന്ന് ജീവിച്ചിരിപ്പില്ല.


2003 ജനുവരി 5-നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസികൾ കുടിൽകെട്ടി ഭൂസമരം ആരംഭിച്ചത്. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് നേരെ പൊലീസ് നടപടി തുടങ്ങിയതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ സമരക്കാർ കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ കോൺസ്‌റ്റബിൾ കെ വി വിനോദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. ആദിവാസി ഗോത്ര മഹാസഭ നേതാവ് എം ഗീതാനന്ദനാണ് ഒന്നാം പ്രതി. സമരനായിക സി കെ ജാനു ഉൾപ്പെടെ ആകെ 53 പേരാണ് പ്രതിപ്പട്ടികയിൽ.


കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് എറണാകുളം സിബിഐ കോടതിയിൽനിന്ന് കേസ്‌ കൽപ്പറ്റയിലേക്ക്‌ മാറ്റിയത്. പൊലീസുകാരനെ തടവിലാക്കി കൊലപ്പെടുത്തി എന്നതിന് ദൃക്സാക്ഷികൾ ആരുമില്ല. 2003 ഫെബ്രുവരി 19-ന് സമരക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ജോഗി കൊല്ലപ്പെട്ടതിൽ കൃത്യമായ അന്വേഷണമോ നിയമനടപടിയോ ഉണ്ടായില്ലെന്ന വിമർശനങ്ങൾ ഇപ്പോഴുമുണ്ട്.

23 വർഷം പിന്നിട്ട മുത്തങ്ങാ ഭൂസമരവും കേരളത്തെ പിടിച്ചുലച്ച, സമരഭൂമിയിലെ പോലീസ് അരാജകത്വവും വയനാടൻ ചരിത്രത്തിലെ കറുത്ത ഓർമ്മകളാണ്. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങ വനഭൂമിയിൽ കുടിൽകെട്ടി സമരം ചെയ്തിരുന്ന ആദിവാസി സമരക്കാർക്ക് നേരെ പോലീസ് വെടിയുതിർത്തപ്പോൾ സമരത്തിൽ പങ്കെടുത്ത ജോഗിക്ക് ജീവൻ നഷ്ടമായിരുന്നു. 2003 ഫെബ്രുവരി 19-നാണ് കേരള ചരിത്രത്തിലെ തന്നെ ഏറ്റവും ചോരപുരണ്ട അധ്യായങ്ങളിലൊന്നായ മുത്തങ്ങ വെടിവെപ്പും സംഘർഷവും അരങ്ങേറിയത്. സി.കെ. ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തിൽ 47 ദിവസം നീണ്ട മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നടത്തിയ കുടിൽ കെട്ടിയുള്ള സമരം ഒടുവിൽ ചോരക്കളിയിലാണ് അവസാനിച്ചത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം