പയ്യന്നൂരിന് പുറമേ സി.പി എം നേതൃത്വത്തിന് തലവേദനയായി കണ്ണൂരിലും കെട്ടിട നിർമ്മാണ ഫണ്ട് വിവാദം: സി പി എം ടൗൺ ഈ സ്‌റ്റ് ലോക്കൽ സെക്രട്ടറിയെ നീക്കി
.
കണ്ണൂർ : അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറികോടിയേരി
ബാലകൃഷ്ണന്റെ സ്മരണയ്ക്കായി സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിന് ആസ്ഥാനമന്ദിരമുണ്ടാക്കാൻ നടത്തിയ ധനസമാഹരണത്തിന്റെ മറവിൽ നടന്നതു ലക്ഷങ്ങളുടെ ക്രമക്കേടെന്ന പരാതിയിൽ സിപിഎമ്മിൽ അതൃപ്‌തി പുകയുന്നു. ഇതിനായിപാർട്ടി ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പിരിച്ച
ഏകദേശംഒരു കോടിയോളം രൂപയ്ക്കു കണക്കില്ലെന്ന പരാതിയാണ് കഴിഞ്ഞ രണ്ടു വർഷമായി നേതൃത്വത്തിനു മുന്നിലുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ വിഷയം വീണ്ടും ചർച്ചയായതോടെ കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ.രമേശനെ തൽ സ്ഥാനത്തുനിന്നു നീക്കുകയായിരുന്നു.
അന്വേഷണത്തിനു ജില്ലാ കമ്മിറ്റിയംഗങ്ങളായ രണ്ടു പേരെ കമ്മിഷനെ നിയോഗിച്ചതെന്നാണു വിവരം. പയ്യന്നൂരിലെ ഫണ്ട് പിരിവിന്റെ കണക്കുകൾ എട്ടു വർഷമായിട്ടും ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാതെ ഉഴലുന്ന പാർട്ടിക്ക് കണ്ണൂരിലെ ക്രമക്കേട് കൂടുതൽ തലവേദനയായിട്ടുണ്ട്.
സിപിഎം നേതൃത്വത്തിനു മുന്നിലുള്ള പരാതികളിൽ നടപടിയില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാൻ നടപടി സ്വീകരിച്ചത്.
കണ്ണൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറിയായ ഇ.രമേശൻ (56) സഹകരണ ബാങ്ക് ജീവനക്കാരൻ കൂടിയാണ്. ലോക്കൽ കമ്മിറ്റി ഓഫിസിനായി കണ്ണൂർ നഗരത്തിലെ തെക്കീബസാറിൽ 30 വർഷം പഴക്കമുള്ള വീടുൾപ്പെടുന്ന 4 സെന്റ് 70 ലക്ഷം രൂപയ്ക്കു വാങ്ങി. ഈ വസ്തു ലോക്കൽ സെക്രട്ടറിയുടെ പേരിൽ റജിസ്റ്റർ ചെയ്യേണ്ടതിനു പകരം സ്വന്തം പേരിൽ റജിസ്റ്റർ ചെയ്തു. സഹോദരി സെക്രട്ടറിയായ സഹകരണബാങ്കിൽ ഇത് ഈടുവച്ച് 30 ലക്ഷം രൂപ വായ്പയെടുത്തു.
കെട്ടിടമുണ്ടാക്കാനാണ് ഇതെന്നാണു ഈ കാര്യത്തിൽ ചോദ്യമുയർന്നപ്പോൾ ലോക്കൽ സെക്രട്ടറി കമ്മിറ്റികളിൽ വിശദീകരിച്ചത്.
20 ലക്ഷം രൂപ പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ളവരിൽനിന്നും സഹകരണസംഘം ജീവനക്കാരിൽനിന്നും പലിശ വാഗ്ദാനം ചെയ്തു വാങ്ങി. പിന്നീട് 'കാഴ്‌ച'യെന്ന പേരിൽ കണ്ണൂരിൽ വ്യാപാരപ്രദർശനം നടത്തി. ഇതിനു പുറമേ, 500 രൂപയുടെ കൂപ്പണടിച്ച് ലോട്ടറി മാതൃകയിൽ കാർ ഒന്നാം സമ്മാനം വാഗ്ദാനം നൽകി പിരിച്ചു. ഇതിന്റെയൊന്നും കണക്ക് എവിടെയും അവതരിപ്പിച്ചില്ല; സ്മാരകമന്ദിരം യാഥാർഥ്യമായതുമില്ല.
ആരോപണവിധേയനായ ലോക്കൽ സെക്രട്ടറിയുടെ അളിയനായ ഏരിയ സെക്രട്ടറി . ഇയാൾക് ഇതിനെല്ലാം കൂട്ടുനിന്നെന്നാണു പരാതി. കഴിഞ്ഞ രണ്ടു വർഷമായി ഇതുസംബന്ധിച്ച പരാതികൾ പാർട്ടിക്കു മുന്നിലുണ്ടെങ്കിലും പരിഗണിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ വീണ്ടും വിഷയം ചർച്ചയായതോടെയാണ് ഗത്യന്തരമില്ലാതെ നടപടിയിലേക്കു ജില്ലാ നേതൃത്വം നീങ്ങിയതെന്നാണു വിവരം.
എല്ലാം പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് ചെയ്തതെന്നാണ് ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം. എന്നാൽ നേതൃത്വം ഇതു മുഖ വിലയ്ക്കെടുക്കാതെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
Comments
Post a Comment